തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയിൽ സയൻസ് വിഷയങ്ങളിലും ബിരുദ, ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ.
ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മുന്‍പ് വിദൂര വിദ്യാഭ്യാസ പഠനത്തിൽ സയൻസ് വിഷയങ്ങളിൽ പഠനത്തിന് അവസരമുണ്ടായിരുന്നില്ല. കാലഘട്ടത്തിന്റെ അനിവാര്യതയാണ് ഈ ഓപ്പണ്‍ സർവകലാശാല. മുൻകാലങ്ങളിൽ ഓപ്പണ്‍ സർവകലാശാല ആരംഭിക്കുന്നതിന് അതി കർശനമായ വ്യവസ്ഥകൾ ഉണ്ടായിരുന്നില്ല.
എന്നാൽ ഇപ്പോൾ നിയമങ്ങൾ കൂടുതൽ കർശനമാക്കിയ പശ്ചാത്തലത്തിലാണ് സർവകലാശാല സംബന്ധിച്ച് നിയമനിർമാണം നടപ്പാക്കിയത്.
ഓപ്പണ്‍ സർവകലാശാലയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ മാർച്ചിൽ ആരംഭിക്കും. ആദ്യഘട്ടമായി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി ആണ് സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുക.
തുടർ വിദ്യാഭ്യാസം ആവശ്യമായ ഒരുവലിയ സമൂഹം നമുക്കിടയിലുണ്ട്. അവർക്ക് ഓപ്പണ്‍ സർവകലാശാല വരുന്നത് ഏറെ ഗുണപ്രദമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭയിൽ അവതരിപ്പിച്ച ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി വിട്ടു.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാലയിൽ സയൻസ് വിഷയങ്ങളിലും കോഴ്സുകൾ: മന്ത്രി ജലീൽ
12:00 AM Jan 19, 2021 | Deepika.com