ആലുവ: ഗൂഗിൾ മാപ്പ് നോക്കി ഡ്രൈവ് ചെയ്യവേ വഴിതെറ്റിയ ചരക്കുലോറിയുടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. എടയപ്പുറത്ത് ഇന്നലെ രാവിലെ ആറരയോടെയായിരുന്നു സംഭവം. മൂന്നു കിലോമീറ്റർ ദൂരെയുള്ള എടത്തല കൊടികുത്തുമല എസ്എസ് പോളിമേഴ്സിലേക്കു ചരക്കുമായി വന്ന ഐഷർ ലോറിയുടെ ഡ്രൈവറായ കർണാടക മൈസൂർ തിലക്നഗറിൽ റോസൽ വെസ് ലി (49) ആണു മരിച്ചത്.
എടത്തലയിലേക്കു പോകാനായി ആലുവ പവർഹൗസ് ജംഗ്ഷനിലെ എസ്പി ഓഫീസിന് സമീപമെത്തിയപ്പോൾ ഗൂഗിൾ മാപ്പിൽ "കീപ് ലെഫ്റ്റ്' എന്ന് കണ്ടപ്പോൾ മുന്നോട്ട് ഇടതുവശം ചേർന്ന് പോകണമെന്ന നിർദേശം തെറ്റിദ്ധരിച്ച് ഇടതുവശത്തെ ചെറിയ റോഡിലേക്കു ലോറി തിരിക്കുകയായിരുന്നു. വലിയ വാഹനത്തിനു കഷ്ടിച്ചു കടന്നുപോകാൻ പറ്റുന്ന നേതാജി റോഡ് കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറത്താണ് അവസാനിക്കുന്നത്. ഈ റോഡിലൂടെ പോകവേ ലോറിയിലെ സാധനങ്ങൾ തട്ടി പലഭാഗത്തും റോഡിന് കുറുകെയുള്ള കേബിൾ ലൈനുകൾ പൊട്ടി.
ഇതേത്തുടർന്നു കേബിൾ ജോലിക്കാരെത്തി നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
ലോറി ഡ്രൈവർ ഉടമയുമായി ബന്ധപ്പെട്ടു നഷ്ടപരിഹാരവും നൽകി ലോറിയിലേക്ക് കയറുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് അശോകപുരം കാർമൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണു മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ലോറി എടയപ്പുറത്താണുള്ളത്.
ഗൂഗിൾ മാപ്പ് നോക്കി ഓടിക്കവേ ലോറി വഴിതെറ്റി, ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
11:59 PM Jan 18, 2021 | Deepika.com