മങ്കൊമ്പ്: ദിവ്യബലിക്കുശേഷം പള്ളിയിൽനിന്നു പുറത്തേക്കിറങ്ങുന്നതിനിടെ ഗായകസംഘാംഗവും സൺഡേ സ്കൂൾ അധ്യാപകനുമായ ഗ്രാമപഞ്ചായത്തംഗം കുഴഞ്ഞു വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചുങ്കപ്പുരയ്ക്കൽ ആന്റണിയുടെ മകനും മുട്ടാർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡംഗവുമായ തോമസ് ആന്റണി (ജോസുകുട്ടി-55) ആണു മരിച്ചത്. ഇന്നലെ രാവിലെ 8.45 ഓടെ മുട്ടാർ കുമരംചിറ സെന്റ് തോമസ് പള്ളിയിലാണ് സംഭവം. തിരുനാൾ കൊടിയേറ്റിനെത്തുടർന്നുള്ള വിശുദ്ധ കുർബാനയ്ക്കു ശേഷമാണ് ജോസുകുട്ടി കുഴഞ്ഞുവീണത്.
പള്ളിയിലെ പ്രധാന ഗായകനായ ഇദ്ദേഹം വിശുദ്ധ കുർബാനയിൽ പങ്കെടുത്തു ഗാനങ്ങൾ ആലപിച്ചു പുറത്തിറങ്ങാൻ സങ്കീർത്തിയിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ചങ്ങനാശേരിയിലെയും ചെത്തിപ്പുഴയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ തൊഴിലാളിയായ ജോസുകുട്ടി മുന്പും ഗ്രാമപഞ്ചായത്തംഗമായിട്ടുണ്ട്.
സംസ്കാരം ഇന്നു രാവിലെ 10.30ന് മുട്ടാർ സെന്റ് തോമസ് പള്ളിയിൽ. മാതാവ് പരേതയായ അന്നമ്മ. ഭാര്യ മിനി ചെത്തിപ്പുഴ താഴൂർ കുടുംബാംഗം. മക്കൾ: ജിതിൻ, മെറിൻ.
ഗായകനായ ഗ്രാമപഞ്ചായത്തംഗം കുഴഞ്ഞുവീണു മരിച്ചു
01:16 AM Jan 18, 2021 | Deepika.com