തിരുവനന്തപുരം: പോലീസ് മേധാവിയുടെ ഓണ്‍ലൈൻ പരാതിപരിഹാര പരിപാടി 28, ഫെബ്രുവരി നാല്, 11, 18, 25 തീയതികളിൽ നടക്കും.തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് 28ന് പരിഗണിക്കുന്നത്. പരാതികൾ 23ന് മുന്‍പ് ലഭിക്കണം. കെഎപി രണ്ട്, മൂന്ന്, അഞ്ച് എന്നിവിടങ്ങളിലെ പരാതികൾ ഫെബ്രുവരി നാലിന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്നാണ്.
പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ പരാതികൾ ഫെബ്രുവരി 11 നും മലപ്പുറം, കോട്ടയം ജില്ലകളിലെ പരാതികൾ ഫെബ്രുവരി 18 നുമാണ് പോലീസ് മേധാവി പരിഗണിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി യഥാക്രമം ഫെബ്രുവരി എട്ടും 12 ഉം ആണ്. തൃശൂർ സിറ്റി, തൃശൂർ റൂറൽ എന്നിവിടങ്ങളിലെ പരാതികൾ ഫെബ്രുവരി 25 ന് പരിഗണിക്കും. അവസാന തീയതി ഫെബ്രുവരി 20. പരാതികൾ spcta lks.pol@ kerala.gov.in എന്ന വിലാസത്തിൽ ലഭിക്കണം. പരാതിയിൽ മൊബൈൽ നന്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നന്പർ: 9497900243.
SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ സർവീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നൽകാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നൽകാം.
ഡിജിപിയുടെ ഓണ്‍ലൈൻ അദാലത്ത്: തീയതികൾ പ്രഖ്യാപിച്ചു
01:04 AM Jan 18, 2021 | Deepika.com