കൊച്ചി: പോപ്പുലര്‍ ഫൈനാന്‍സ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒറ്റക്കേസായി രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ അനുമതി തേടി സിബിഐ നല്കിയ ഹര്‍ജിയില്‍ എതിര് കക്ഷികള്‍ക്ക് നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശം നല്കി.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചപ്പോള്‍ ഇവയെല്ലാം ഒരുമിച്ച് പരിഗണിച്ച് ഒറ്റ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് നേരത്തെ ഡിജിപി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റ് 28ന് ഈ ഉത്തരവു റദ്ദാക്കി ഓരോ കേസിലും പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശിച്ചത്. പിന്നീട് അന്വേഷണം സിബിഐക്കു വിട്ടെങ്കിലും ഈ ഉത്തരവില്‍ ഭേദഗതി വരുത്തിയിരുന്നില്ല.
തട്ടിപ്പുമായി ബന്ധപ്പെട്ട് 1300 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയോരോന്നും വെവ്വേറെ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.ചീഫ് ജസ്റ്റീസ് എസ്.മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി 20 ന് വീണ്ടും പരിഗണിക്കും.
പോപ്പുലര്‍ തട്ടിപ്പ്: കേസുകള്‍ ഒന്നായി അന്വേഷിക്കാന്‍ അനുമതി തേടി സിബിഐ
01:42 AM Jan 15, 2021 | Deepika.com