കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകളില്‍ ആത്മഹത്യ ചെയ്യുന്ന തടവുകാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ജയില്‍ ഡിജിപിയുടെ നിര്‍ദേശം. ജയിലധികൃതര്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഡ്യൂട്ടിയില്‍ വിട്ടുവീഴ്ച പാടില്ലെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നിര്‍ദേശം നല്കി. രാത്രിയില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും ജയിലിലെ തടവുകാരെ നിരീക്ഷിക്കണം. സിസിടിവി സ്ഥാപിച്ചിട്ടുള്ള ജയിലുകളില്‍ അത് നിരീക്ഷിക്കാന്‍ ഒരു ഉദ്യോഗസ്ഥന്റെ സേവനം എപ്പോഴുമുണ്ടായിരിക്കണം. ഓരാള് സിസിടിവി നിരീക്ഷിക്കുകയും മറ്റുള്ളവര്‍ ജയിലിലെ സെല്ലുകളില്‍ പരിശോധന നടത്തുകയും വേണം. മതിയായ രീതിയില്‍ പരിശോധനയും നിരീക്ഷണവും നടത്തുകയാണെങ്കില്‍ ജയിലിലെ ആത്മഹത്യ തടയാനാവുമെന്നാണ് കരുതുന്നത്. ജയിലുകളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി നിരീക്ഷിക്കുന്നതിനായി കൂടുതല്‍ മോണിറ്ററുകള്‍ സ്ഥാപിക്കാനും ഡിഐജി, സൂപ്രണ്ടുമാര്‍ എന്നിവര്‍ക്ക് ഡിജിപി നിര്‍ദേശം നല്കി.
പ്രതികളുടെ മാനസിക സമ്മര്‍ദ്ദം കുറaയ്ക്കാനുള്ള പദ്ധതികളും ആരംഭിക്കുന്നുണ്ട്. ഉത്തരമേഖലയിലെ 23 ജയിലുകളില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആത്മഹത്യാ പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കും. അന്തേവാസികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് നല്‍കും. 23 ന് കണ്ണൂരിലാണ് ആദ്യപരിപാടി സംഘടിപ്പിക്കുന്നത്.
ജയിലുകളില്‍ അതിസുരക്ഷ ഒരുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
12:47 AM Jan 15, 2021 | Deepika.com