തിരുവനന്തപുരം: കേരള റെയിൽ ഡവലപ്മെൻറ് കോർപ്പറേഷനെ ചുമതലപ്പെടുത്തിയ 27 റെയിൽവെ ഓവർബ്രിഡ്ജുകളുടെയും അണ്ടർ ബ്രിഡ്ജുകളുടെയും നിർമാണത്തിന് ഭേദഗതി വരുത്തിയ ധാരണാപത്രം ഒപ്പിടാൻ മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാന സർക്കാരും റെയിൽവെയും തമ്മിലാണ് ധാരണാപത്രം ഒപ്പിടുക.
സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആവശ്യമായ സാധനങ്ങളും സേവനങ്ങളും ഓണ്‍ലൈൻ വഴി സംഭരിക്കുന്നതിന് ഇന്ത്യ ഗവണ്‍മെൻിന്റെ ’ഗവണ്‍മെൻറ് ഇ-മാർക്കറ്റ്പ്ലേയ്സു’മായി (ജെം) ധാരണാപത്രം ഒപ്പിടാൻ തീരുമാനിച്ചു. കാസർകോഡ് ഹോസ്ദുർഗ് താലൂക്കിൽ സൗത്ത് തൃക്കരിപ്പൂർ വില്ലജിൽ 33.7 ആർ ഭൂമി ഏഴിമല ഇന്ത്യൻ നാവിക അക്കാദമിക്ക് ബോട്ട് ഷെഡ് നിർമാണത്തിന് സൗഹൃദസൂചകമായി പതിച്ചു നൽകും. ഇടയാറിൽ സ്ഥാപിച്ച മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ ആധുനിക മാംസ സംസ്കരണ പ്ലാൻറിലേക്ക് 40 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.കോവളത്ത് കരകൗശല സാധനങ്ങളുടെ കച്ചവടം നടത്തുന്ന 22 കാശ്മീരി കുടുംബങ്ങൾക്ക് കോവിഡ് മൂലം ഉപജീവനമാർഗം നഷ്ടപ്പെട്ട സാഹചര്യത്തിൽ 10,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. റേഷൻ കാർഡില്ലാത്തവർക്ക് കാർഡ് നൽകാനും തീരുമാനിച്ചു.
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിലെ ഓഫീസർമാരുടെ ശന്പളം 2017 ഏപ്രിൽ ഒന്നു മുതൽ അഞ്ചുവർഷത്തേക്ക് പരിഷ്കരിക്കാൻ തീരുമാനിച്ചു.
27 റെയിൽവേ മേൽപ്പാലങ്ങൾ; ഉടൻ ധാരണാപത്രം
12:01 AM Jan 14, 2021 | Deepika.com