കൊച്ചി: കെവിന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി ടിറ്റു ജെറോമിന് മര്‍ദനമേറ്റ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി (കെല്‍സ) സെക്രട്ടറി ബുധനാഴ്ചകളില്‍ ജയില്‍ സന്ദര്‍ശിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി.
പ്രതിയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇയാള്‍ക്ക് മര്‍ദനമേറ്റെന്നും ആരോപിച്ച് മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്. നേരത്തെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ജയിലില്‍ ടിറ്റുവിനെ സന്ദര്‍ശിച്ച അഡീ. ജില്ലാ ജഡ്ജിയും ഡോക്ടര്‍മാരും ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു.
ആരോഗ്യനില മെച്ചപ്പെട്ടെങ്കില്‍ പ്രതിയെ തിരിച്ചു ജയിലിലെത്തിക്കുന്നെന്നു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഉറപ്പാക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി 28ന് വീണ്ടും പരിഗണിക്കും.
കെവിൻ വധക്കേസ് പ്രതിക്കു മർദനം: കെല്‍സ സെക്രട്ടറി ജയിൽ സന്ദര്‍ശിക്കണം
12:00 AM Jan 14, 2021 | Deepika.com