കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ സ്ഥാനാര്‍ഥിയുടെ വാട്സ് ആപ്പ് ഗ്രൂപ്പ് ഹാക്ക് ചെയ്തെന്ന് പരാതി. കോഴിക്കോട് കോര്‍പറേഷനിലെ 63 ാം വാര്‍ഡായ തിരുത്തിയാട് യുഡിഎഫ് സ്ഥാനാര്‍ഥി കെ. ദിവ്യലക്ഷ്മിയുടെ പ്രചാരണത്തിനായുണ്ടാക്കിയ വാട്സ് ആപ്പ് ഗ്രൂപ്പാണ് ഹാക്ക് ചെയ്തത്.
സംഭവത്തില്‍ യുഡിഎഫ് തിരുത്തിയാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് ഷാഹുല്‍ ഹമീദ് നടക്കാവ് പോലീസില്‍ പരാതി നല്കി. അതേസമയം പരാതിയില്‍ പറയുന്നതുപോലെ വാട്സ് ആപ്പ് ഹാക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നും എവിടെ നിന്നാണെന്നും കണ്ടെത്തണമെങ്കില്‍ മാസങ്ങള്‍ കഴിയുമെന്നാണ് പോലീസ് പറയുന്നത്. വാട്സ് ആപ്പ് ആസ്ഥാനത്തേക്ക് വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാസങ്ങള്‍ക്ക് ശേഷമേ മറുപടി ലഭിക്കുകയുള്ളൂ.
പരാതി സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്നും ഹാക്കിംഗിനെ കുറിച്ച് പരിശോധിക്കുമെന്നും നടക്കാവ് പോലീസ് അറിയിച്ചു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പാണ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പുതിയ ഫോണ്‍ വാങ്ങി വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. ‘യുഡിഎഫ് ഇലക്ഷന് കമ്മിറ്റി’ എന്ന പേരിലായിരുന്നു ഗ്രൂപ്പ് ആരംഭിച്ചത്. നാല് അഡ്മിന്മാരുള്ള ഗ്രൂപ്പില്‍ 256 അംഗങ്ങളായിരുന്നുള്ളത്. ഇപ്രകാരം രണ്ട് ഗ്രൂപ്പുകളായിരുന്നു ആരംഭിച്ചത്. രാഷ്ട്രീയ തന്ത്രങ്ങള്‍ പലതും ആസൂത്രണം ചെയ്ത് പ്രചാരണത്തിനിറങ്ങുന്നതിനിടെയാണ് ഗ്രൂപ്പിലെ അപരിചിതരുടെ സാന്നിധ്യം തിരിച്ചറിയുന്നത്. പിന്നീട് നോക്കിയപ്പോള്‍ അഡ്മിന്മാരെ വരെ നീക്കി മറ്റാളുകളെ അഡ്മിന്മാരാക്കിയതായി കണ്ടെത്തി. ഇതോടെ ഗ്രൂപ്പ് പുറത്ത് നിന്നുള്ളവരുടെ നിയന്ത്രണത്തിലാണെന്ന് പ്രവര്‍ത്തകര്‍ തിരിച്ചറിയുകയായിരുന്നു. ഒരാഴ്ചക്കാലം സജീവമായിരുന്ന തെരഞ്ഞെടുപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകളും മറ്റും പുറത്തായതിന്റെ ആശങ്കയിലാണ് യുഡിഎഫ്. പ്രചാരണ തന്ത്രങ്ങളും വോട്ടര്‍മാരെ അനുകൂലമാക്കാനുള്ള കുതന്ത്രങ്ങളുമെല്ലാം ഗ്രൂപ്പിലെ ചര്‍ച്ചകളായിട്ടുണ്ട്. ഇതെല്ലാം അങ്ങാടിപ്പാട്ടാവുമെന്ന ആശങ്കയാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുറഞ്ഞ വോട്ടിനാണ് യുഡിഎഫിനു സീറ്റ് നഷ്ടപ്പെട്ടത്.
ദിവ്യാ ലക്ഷ്മി തന്നെയായിരുന്നു നേരത്തെയും സ്ഥാനാര്‍ഥി. ഇത്തവണ വാര്‍ഡ് അനുകൂലമാണെന്നും ഇതില്‍ ഭയാശങ്കയിലായവരാണ് ഹാക്കിംഗിന് പിന്നിലുള്ളതെന്നുമാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.
സ്ഥാനാര്‍ഥിയുടെ വാട്സാപ് ഗ്രൂപ്പ് ഹാക്ക് ചെയ്തു
01:44 AM Dec 06, 2020 | Deepika.com