അടിമാലി: അടിമാലി ടൗണിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പോലീസ് നൽകുന്ന സൂചന. അടിമാലി ടൗണിലും മറ്റുമായി താമസിച്ച് വന്നിരുന്ന കൊച്ചുപാറക്കൽ മാത്യുവി(50)ന്റെ മൃതദേഹമാണ് ഹിൽഫോർട്ട് ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയിൽ കാണപ്പെട്ടത്.
സമീപത്തെ വ്യാപാര സ്ഥാപനം തുറക്കാനെത്തിയ ആൾ മൃതദേഹം കാണുകയും വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി മൃതദേഹം മാത്യുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കളെ സ്ഥലത്തെത്തിച്ച് മൃതദേഹം മാത്യുവിന്റേതെന്ന് ഉറപ്പുവരുത്തിയശേഷം മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
കൊലപാതകമാണെന്ന തരത്തിലുള്ള ചില സൂചനകൾ ലഭിച്ചതായും മാത്യുവിന്റെ സുഹൃത്തുക്കളായ ചിലരെയും വെള്ളിയാഴ്ച രാത്രി സംഭവസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന ചിലരേയും ചോദ്യംചെയ്തു വരികയാണെന്നും അടിമാലി സിഐ അനിൽ ജോർജ് പറഞ്ഞു.
മൃതദേഹത്തിനരികെ രക്തം തളംകെട്ടി കിടന്നിരുന്നതായും ഇവിടെനിന്നു ഒരു സിമന്റിഷ്ടികയുടെ ഭാഗം കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
പലവിധ ജോലികളുമായി ഏറെകാലമായി അടിമാലി ടൗണിൽ കഴിഞ്ഞിരുന്ന മാത്യു കടകളുടെയും മറ്റും വരാന്തകളിലായിരുന്നു കിടന്നുറങ്ങിയിരുന്നതെന്നാണ് വിവരം. കോവിഡ് പരിശോധനക്കും പോസ്റ്റുമോർട്ടത്തിനുംശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
11:57 PM Dec 05, 2020 | Deepika.com