രക്ഷകന്റെ അമ്മയുടെ ആദ്യ വാക്കുകളായി വിശുദ്ധ ലൂക്കാ രേഖപ്പെടുത്തിയിരിക്കുന്നത് ഒരു ചോദ്യമാണ്. മുന്നിൽ നിൽക്കുന്ന ദൈവ ദൂതനോടുപോലും ഇതെങ്ങനെ സംഭവിക്കും എന്നു ചോദിക്കാൻ മാത്രം ധൈര്യവും യുക്തിബോധവുമുള്ള പെൺകുട്ടിയാണു താനെന്ന് അവൾ തെളിയിക്കുന്നു.
ചിന്തിക്കുന്ന മൃഗം മാത്രമല്ല, ചോദ്യംചെയ്യാൻ കഴിവുള്ള മൃഗം കൂടിയാണു മനുഷ്യൻ. യുക്തിസഹമായ ചോദ്യങ്ങൾ ചോദിക്കാനും പൊരുളുകൾ തിരയാനും ആരെങ്കിലുമൊക്കെ തയാറായതുകൊണ്ടാണു ശാസ്ത്രം ഇത്രമേൽ വികാസം പ്രാപിച്ചതും മനുഷ്യൻ സംസ്കാരസമ്പന്നനായതും. ജനാധിപത്യ സംവിധാനത്തിന്റെ കാതലായി കരുതപ്പെടുന്നതു പ്രതികരിക്കാനും ചോദ്യം ചെയ്യാനുമുള്ള ജനതയുടെ അവകാശത്തെയാണല്ലോ. നല്ല ഉത്തരങ്ങൾ എഴുതുന്ന വിദ്യാർഥികളെയല്ല, നല്ല ചോദ്യങ്ങൾ ചോദിക്കാൻ കഴിവുള്ള വിദ്യാർഥികളെയാണു വിദ്യാഭ്യാസത്തിലൂടെ സൃഷ്ടിച്ചെടുക്കേണ്ടത്.
തെറ്റെന്നു സ്വയം ബോധ്യമുള്ള കാര്യങ്ങൾ പോലും യാതൊരു സങ്കോചവുമില്ലാതെ ന്യായീകരിക്കാൻ തുനിയുന്ന നേതാക്കളും അവരുടെ നിർദേശങ്ങൾ മറുചോദ്യമില്ലാതെ പിന്തുടരുന്ന അണികളും ബൗദ്ധികപക്വതയുള്ള ഒരു സമൂഹത്തിനും യോജിച്ചതല്ല. ചോദ്യംചെയ്യപ്പെടാത്ത വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങളായും ആചാരങ്ങൾ അനാചാരങ്ങളെയും അനുയായികൾ അടിമകളായും ക്രമേണ അധഃപതിക്കും.
എന്നാൽ, മാനുഷികബുദ്ധിയിൽ മാത്രം ആശ്രയിച്ചാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയെന്നും വരില്ല. അറിവിന്റെ വൃക്ഷത്തിൽനിന്ന് ആഹരിക്കുന്നതിനു ചില വിലക്കുകൾ ഏർപ്പെടുത്തപ്പെട്ടിരുന്നുവല്ലോ. വിജ്ഞാനത്തിനപ്പുറം ജ്ഞാനമാണു ചില ജീവിതവേളകളിൽ പ്രവർത്തനക്ഷമമാകേണ്ടത്. “ദൈവത്തിന് ഒന്നും അസാധ്യമല്ല” എന്നു ദൈവദൂതൻ നൽകിയ ഉറപ്പ് യുക്തിക്ക് അതീതമായി ജീവിതത്തിൽ അനുഭവിച്ചറിയേണ്ടതാണല്ലോ. ഇത്തരമൊരു ഉൾക്കാഴ്ചയിലാണ്, ചോദ്യങ്ങൾ മാറ്റി വച്ച് ഇതാ കർത്താവിന്റെ ദാസി, അങ്ങേ ഹിതം പോലെ സംഭവിക്കട്ടെ എന്നു പറയാൻ മറിയം തുടർന്നു ധൈര്യപ്പെടുന്നത്. ഈ വിശ്വാസ സമർപ്പണം യുക്തിയുടെ നിഷേധമാണെന്നു കരുതരുത്; ബൗദ്ധികപാകതയുടെ പൂവിടലാണത്.
യുക്തിയും വിശ്വാസവും സുന്ദരമായി സമന്വയിപ്പിക്കാനായതുകൊണ്ടുകൂടിയാണു മറിയം സ്ത്രീകളിൽ അനുഗൃഹീതയായി വാഴ്ത്തപ്പെടുന്നത്. വിജ്ഞാനവും ജ്ഞാനവും കലർന്ന ആന്തരിക വളർച്ചയിലേക്കു കൗമാരത്തിലെ തന്നെ അവൾ എത്തിച്ചേർന്നു എന്നു മനസിലാക്കിയതിനാലാവണം പിന്നീടൊരു ജീവിതഘട്ടത്തിലും ദൂതൻ മറിയത്തിനു പ്രത്യക്ഷനാകാതിരുന്നത്. പുൽക്കൂട്ടിലേക്കുള്ള നമ്മുടെ യാത്ര അവളുടെ കരംപിടിച്ചു തന്നെയാവട്ടെ.
ഫാ. ജോസഫ് കുമ്പുക്കൽ
ഇതെങ്ങനെ സംഭവിക്കും?
01:37 AM Dec 05, 2020 | Deepika.com