കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു നിരവധി യുവാക്കളില്‍നിന്നു പണംതട്ടിയ കേസിലെ പ്രതി പിടിയില്‍. സുല്‍ത്താന്‍ബത്തേരി നൂല്‍പ്പുഴ ചുണ്ടകം ഷിഹാബിനെ (29) യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. എംജി റോഡില്‍ സി ഫോര്‍ കരിയര്‍ ഇന്‍ഫിനിറ്റി യൂണിറ്റ് (ഐ) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവില്‍ നിരവധി യുവാക്കളില്‍നിന്നായി ലക്ഷക്കണക്കിന് തുക തട്ടിയെടുത്തെന്നാണു കേസ്.
യാതൊരു ലൈസന്‍സും ഇല്ലാതെ ഡെന്മാര്ക്ക്, നോര്‍വേ, കാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജോബ് വിസ നല്‍കാമെന്നു പറഞ്ഞാണു പണം വാങ്ങിയത്. എറണാകുളത്ത് കച്ചേരിപ്പടി, എംജി റോഡ്, കലൂര്‍ എന്നിവിടങ്ങളിലും തൃശൂര്‍, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലും ഷിഹാബിന്റെ സ്ഥാപനത്തിന് ബ്രാഞ്ചുകളുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ഇയാള്‍ക്കെതിരേ കേസുകളുമുണ്ട്.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ മാത്രം ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ബംഗളൂരു, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയവേയാണ് അറസ്റ്റിലായത്. ഇന്നു പ്രതിയെ കോടതിയില്‍ ഹാജരാക്കും.
വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയയാൾ പിടിയില്‍
12:39 AM Dec 05, 2020 | Deepika.com