നെടുങ്കണ്ടം: മഴയത്ത് കുടചൂടി സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന് യാത്രചെയ്യുന്നതിനിടെ കുടയ്ക്ക് കാറ്റുപിടിച്ച് വീട്ടമ്മ വീണു മരിച്ചു. സന്യാസിയോട പുത്തൻപുരയ്ക്കൽ ഷാജിയുടെ ഭാര്യ സബിത (47) ആണ് മരിച്ചത്. ഇന്നലെ രാവിലെ സന്യാസിയോടയ്ക്കു സമീപമാണു സംഭവം.
ജോലിക്കു പോകുന്നതിനായി ഇറങ്ങിയ വീട്ടമ്മ പരിചയക്കാരനായ യുവാവിന്റെ സ്കൂട്ടർ കൈകാട്ടി നിർത്തി കയറുകയായിരുന്നെന്ന് കന്പംമെട്ട് പോലീസ് പറഞ്ഞു. നേരിയ മഴ ഉണ്ടായിരുന്നതിനാൽ കുടചൂടിയാണ് സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്നത്. സ്കൂട്ടറിന്റെ വേഗം കൂടിയതോടെ കുടയ്ക്ക് കാറ്റുപിടിച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നെന്നാണ് പോലീസിനു ലഭിച്ച വിവരം. ഉടൻതന്നെ നാട്ടുകാർ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂട്ടർ ഓടിച്ചിരുന്ന തേർഡ് ക്യാന്പ് സ്വദേശി സത്താർ സലീമിന് (19) എതിരെ പോലീസ് കേസെടുത്തു. ഇയാൾക്ക് വാഹനം ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ലെന്നു പോലീസ് പറഞ്ഞു. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേ ഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
കുടചൂടി സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ വീണു മരിച്ചു
01:03 AM Dec 04, 2020 | Deepika.com