കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തുടര്‍ച്ചയായി കള്ളം പറയുന്നെന്നു കോടതിയില്‍ കസ്റ്റംസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ സത്യം പറയുന്നില്ല. മിക്ക ചോദ്യങ്ങള്‍ക്കും തുടര്‍ച്ചയായി നുണ പറയുകയാണെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത കസ്റ്റംസ്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ വ്യക്തമാക്കി.
തനിക്ക് ഒരു ഫോണേയുള്ളൂ എന്നാണ് ശിവശങ്കര്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ശിവശങ്കറിന്റെ രണ്ട് ഫോണുകള്‍ കൂടി ഭാര്യ കൈമാറിയിട്ടുണ്ട്. ഈ മൂന്നു ഫോണുകളും ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയെടുക്കല്‍ കോടതിയില്‍ ഇന്നലെയും നടന്നു. രണ്ടു ദിവസമായിട്ടാണ് രഹസ്യമൊഴി എടുത്തത്.
നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് പ്രതികള്‍. കോണ്‍സുലേറ്റ് ഉന്നതരുടെ പങ്കാളിത്തമടക്കം സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയില്‍ ഉണ്ടെന്നാണ് വിവരം. ശിവശങ്കറിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലര്ക്കൂകുടി കളളക്കടത്ത് സംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നു സ്വപ്ന കസ്റ്റംസിന് നേരത്തെ മൊഴി നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റിന് പിന്നാലെ കസ്റ്റംസും തീരുമാനിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഏഴിലേക്കു മാറ്റി.
ശിവശങ്കര്‍ തുടര്‍ച്ചയായി കള്ളം പറയുന്നു: കസ്റ്റംസ്
12:39 AM Dec 04, 2020 | Deepika.com