തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കുന്പോൾ കേരളത്തിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധികൾ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 മുതൽ 60 കിമീ വരെ വേഗതയുള്ള ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്.
അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ശക്തമായ കാറ്റിൽ മേൽക്കൂര ശക്തമല്ലാത്ത വീടുകൾക്കും കെട്ടിടങ്ങൾക്കും അപകടങ്ങൾ സംഭവിക്കാം. മരം, പോസ്റ്റുകൾ, വൈദ്യുത കന്പികൾ, ബോർഡുകൾ തുടങ്ങിയവയെല്ലാം പൊട്ടിവീണുള്ള അപകടങ്ങൾ പ്രതീക്ഷിക്കാം. ഈ സാഹചര്യത്തിൽ ചുഴലിക്കാറ്റ് കേരളം കടന്നുപോകുന്നത് വരെ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, സിവിൽ ഡിഫൻസ് തുടങ്ങിയ രക്ഷാ സേനകൾ സജ്ജമാക്കി ആവശ്യമായ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ടു ടീമുകളെ വിവിധ ജില്ലകളിലായി വിന്യസിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഓരോ ടീമിനെ വീതവും ഇടുക്കിയിൽ രണ്ടു ടീം എൻഡിആർഎഫിനെയുമാണ് വിന്യസിച്ചിട്ടുള്ളത്.
മുന്നറിയിപ്പുള്ള ജില്ലകളിൽ സുരക്ഷ മുൻനിർത്തി 2,891 ദുരിതാശ്വാസ ക്യാന്പുകൾ സജ്ജമാക്കി. ബുധനാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ഇന്നലെ ആഭ്യന്തരമന്ത്രി അമിത്ഷായുമായും കാര്യങ്ങൾ ചർച്ച ചെയ്തു വിലയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതനിലയിൽ
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിത നിലയിൽ.ഇന്നലെ രാവിലെ ഏഴിനു ലഭിച്ച കണക്കനുസരിച്ച് ജലനിരപ്പ് 2392.58 അടിയാണ്. സംഭരണശേഷിയുടെ 88 ശതമാനമാണിത്.ഇന്നലെ പകൽ പദ്ധതി പ്രദേശത്ത് നേരിയ മഴ മാത്രമാണ് ലഭിച്ചത്. തുലാമഴ ശക്തമാകാതിരുന്നതിനാലാണ് ജലനിരപ്പ് സുരക്ഷിത നിലയിലെത്താൻ കാരണം.
മാട്ടുപ്പെട്ടി തുറക്കും
തീവ്രമഴ മുൻനിർത്തി മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നുഷട്ടറുകൾ ഇന്നു രാവിലെ ആറിന് 50 സെന്റീമീറ്റർ വീതം ഉയർത്തി മുതിരപ്പുഴയാറിലേക്ക് വെള്ളമൊഴുക്കുമെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ബുറേവി: തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
12:39 AM Dec 04, 2020 | Deepika.com