കൊച്ചി: കെആര്‍എല്‍സിസിയുടെ ആഹ്വാനപ്രകാരം ഡിസംബര്‍ ആറിനു ലത്തീന്‍ കത്തോലിക്ക സമുദായദിനമായി കേരളത്തിലെ 12 ലത്തീന്‍ രൂപതകള്‍ ആചരിക്കും. കോവിഡ് കാലത്തെ പ്രശ്നങ്ങളും പ്രതിസന്ധിയും മറികടക്കാന്‍ ‘സഹോദരന്റെ കാവലാളാകുക’എന്ന പ്രമേയമാണ് സമുദായദിനത്തില്‍ ചര്‍ച്ചചെയ്യുന്നത്.
ദിനാചരണത്തിന്റെ ഭാഗമായി രൂപത, ഇടവകതലങ്ങളില്‍ വിവിധപരിപാടികള്‍ സംഘടിപ്പിക്കും. ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി പുറപ്പെടുവിച്ചിട്ടുള്ള ഇടയലേഖനം ആറിനു ദേവാലയങ്ങളില്‍ വായിക്കും. കുടുംബയൂണിറ്റുകളിലേക്കു നവമാധ്യമങ്ങള്‍ വഴി ഇടയലേഖനം എത്തിച്ചുകൊടുക്കും. നാലിനു ‘തിരസ്കരിക്കപ്പെടുന്ന ഇടങ്ങളും അവഗണിക്കപ്പെടുന്ന സമൂഹങ്ങളും’എന്ന വിഷയത്തിലുള്ള സെമിനാര്‍ ഓൺലൈനിൽ നടക്കും.
ആറിനു വൈകുന്നേരം ഏഴിനു നടക്കുന്ന ഓണ്‍ലൈന്‍ സമ്മേളനത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റും കേരള ലത്തീന്‍സഭയുടെ തലവനുമായ ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിക്കും. ഷെവ. ഏബ്രഹാം അറക്കല്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മുൻ ഡയറക്ടര്‍ ലിഡ ജേക്കബ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും.
ലത്തീന്‍ കത്തോലിക്ക സമുദായ ദിനം ആറിന്
01:15 AM Dec 03, 2020 | Deepika.com