കോഴിക്കോട്: കെഎസ്എഫ്ഇയിലെ പരിശോധനയില്‍ വിജിലന്‍സിന് ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും പരിശോധനാ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു നിര്‍ണായകം. പരിശോധനയില്‍ ബോധ്യമായ വസ്തുതകള്‍ സഹിതം വിജിലന്‍സ് മേധാവിക്ക് അതത് റേഞ്ച് എസ്പിമാര് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഓരോ ശാഖയിലേയും ക്രമക്കേടുകളെക്കുറിച്ചും ഡിവൈഎസ്പിയോ സിഐയോ ആണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. അടുത്ത ആഴ്ചയോടെ പ്രാഥമിക വിവരങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു തീരുമാനം.
ഈ റിപ്പോര്‍ട്ടുകള്‍ ആഭ്യന്തരവകുപ്പ് പരിശോധിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ വിജിലന്‍സ് മേധാവിക്ക് നിര്‍ദേശം നല്‍കുകയുമാണ് പതിവ്. ഈ നിര്‍ദേശപ്രകാരമാണ് ഓരോ ശാഖയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുകയും ക്രമക്കേടുകളില്‍ കേസെടുക്കുകയും ചെയ്യുന്നത്.
നിലവിലെ സാഹചര്യത്തില്‍ പരിശോധന സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ അതത് റേഞ്ച് എസ്പിമാര് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് റേഞ്ചുകള്‍ക്കു കീഴിലാണു പരിശോധന നടന്നത്. കോഴിക്കോട് റേഞ്ചിനു കീഴില്‍ മാത്രം ഒന്‍പതിടങ്ങളിലായിരുന്നു പരിശോധന. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടുവീതം സ്ഥാപനങ്ങളിലും മലപ്പുറത്ത് ഒരിടത്തുമായിരുന്നു പരിശോധന. പരിശോധനയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, പണം വകമാറ്റി ചെലവിടല്‍, തുടങ്ങി ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇത് വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ മാത്രമേ തുടരന്വേഷണം നടത്താന്‍ വിജിലന്‍സിനു സാധിക്കുകയുള്ളൂ.
റിപ്പോര്‍ട്ടുകള്‍ കെഎസ്എഫ്ഇക്കെതിരേയാണെങ്കില് ധനമന്ത്രിയുള്‍പ്പെടെ വിജിലന്‍സിനെ തള്ളിപ്പറഞ്ഞവര്‍ ‘പ്രതിക്കൂട്ടിലാവും’. വസ്തുത അറിയാതെയും മുഖ്യമന്ത്രിയോട് ചോദിക്കാതെയും പരസ്യപ്രതികരണം നടത്തിയതുള്‍പ്പെടെ പാര്‍ട്ടിക്ക് മുന്നില്‍ ഇവര്‍ക്ക് മറുപടി പറയേണ്ടതായി വരും. മറിച്ചാണെങ്കില്‍ വകുപ്പുമന്ത്രിയെ അറിയിക്കാതെ വിജിലന്‍സ് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും വിശദീകരിക്കേണ്ടതായി വരും. യുഡിഎഫും ബിജെപിയും വിജിലന്‍സ് റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്.
ക്രമക്കേടുകള്‍ സഹിതമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും തുടരന്വേഷണം നടത്തിയില്ലെങ്കില്‍ അത് രാഷ്ട്രീയ വിവാദമാക്കി മാറ്റാനും സാധ്യതയേറെയാണ്. കെഎസ്എഫ്ഇയില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ കാലതാമസം നേരിടുകയാണെങ്കില്‍ അന്വേഷണത്തിന് ഇഡി എത്തും. ഇത് സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കും. വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ വരെ ഇതിനെ രാഷ്ട്രീയ ആയുധമാക്കി മാറ്റും.
അതിനാല്‍ പരമാവധി വേഗത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയും തുടരന്വേഷണത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് വിജിലന്‍സ് മേധാവിയോട് ആവശ്യപ്പെട്ടതെന്നാണ് വിവരം.
കെഎസ്എഫ്ഇ: വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ അടുത്ത ആഴ്ച സമര്‍പ്പിക്കും
01:09 AM Dec 02, 2020 | Deepika.com