ചങ്ങനാശേരി: 2020 മാർച്ച് 31-ലെ കണക്കുപ്രകാരം നായർ സർവീസ് സൊസൈറ്റിക്ക് 165.52 കോടി രൂപയുടെ ആസ്തി. പെരുന്ന എൻസ്എസ് ആസ്ഥാനത്ത് ഓണ്‍ലൈൻ മീറ്റിങ്ങിലൂടെ നടത്തിയ ബാലൻസ് ഷീറ്റ് പൊതുയോഗത്തിലാണ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ സ്വത്തു വിവരവും ബാക്കിപത്രവും കാണിക്കുന്ന റിപ്പോർട്ട് അവതരിപ്പിച്ചത്. 2019 ഏപ്രിൽ ഒന്നു മുതൽ 2020 മാർച്ച് 31-വരെയുള്ള ഒരു വർഷത്തേക്ക് 99.13 കോടി രൂപ വരവും 95.91 കോടി രൂപ ചെലവും കാണിക്കുന്ന വരവു ചെലവുകണക്കുകളും ഇൻകംആൻഡ് എക്സ്പെന്റിച്ചർ സ്റ്റേറ്റ്മെന്റും യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. ട്രഷറർ ഡോ.ശശികുമാർ ഓഡിറ്റേഴ്സ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജനറൽസെക്രട്ടറി ജി.സുകുമാരൻ നായർ വിശദീകരണ പ്രസംഗം നടത്തി. താലൂക്ക് യൂണിയനുകളിൽ സജ്ജമാക്കിയ 55 സെന്ററുകളിലൂടെയുള്ള വീഡിയോ കോണ്‍ഫറൻസിലാണ് 60 താലൂക്ക് യൂണിയനുകളിൽനിന്നുള്ള പ്രതിനിധിസഭാംഗങ്ങൾ പങ്കെടുത്തത്. നായർ സർവീസ് സൊസൈറ്റി പുതുതായി പ്രസിദ്ധീകരിക്കുന്ന ഹരിനാമകീർത്തനം (വ്യാഖ്യാനസഹിതം) എന്ന പുസ്തകത്തിന്റെ പ്രകാശനകർമവും നടന്നു. മന്നംസമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സമ്മേളനം ആരംഭിച്ചത്.
നായർ സർവീസ് സൊസൈറ്റിക്ക് 165.52 കോടിയുടെ ആസ്തി
01:45 AM Dec 01, 2020 | Deepika.com