കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് പരിശോധന നടത്തി. സൊസൈറ്റിയുമായി രവീന്ദ്രന് എന്തെങ്കിലും ബന്ധങ്ങളുണ്ടോയെന്നാണ് ഇഡി പരിശോധിച്ചത്. ഇന്നലെ രാവിലെയാണ് കോഴിക്കോട് സബ്സോണല്‍ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വടകരയിലെ ഊരാളുങ്കല്‍ ആസ്ഥാനത്ത് എത്തിയത്. രവീന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഇഡി വിവരം ശേഖരിച്ചു.
സി.എം. രവീന്ദ്രന്റെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് ഇഡി കഴിഞ്ഞ ദിവസവും വടകര കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.
വടകര ടൗണില്‍ ഒരു വര്‍ഷത്തിനിടെ തുറന്നു പ്രവര്‍ത്തനമാരംഭിച്ച ജ്വല്ലറി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വര്‍ണം സ്വപ്നസുരേഷും സംഘവും ഇവിടെ എത്തിച്ചിരുന്നോയെന്നും ഇഡി പരിശോധിച്ചുവരികയാണ്. രവീന്ദ്രന് വടകര, ഓര്‍ക്കാട്ടേരി, ഒഞ്ചിയം, എടക്കാട്, നിരവില്‍പുഴ എന്നീ സ്ഥലങ്ങളില്‍ നിരവധി ബിനാമി നിക്ഷേപം ഉണ്ടെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. സഹകരണ ബാങ്കുകളിലെ നിക്ഷേപം സംബന്ധിച്ചും അന്വേഷണം നടക്കുന്നതായാണ് വിവരം.
ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റിയില്‍ ഇഡി റെയ്ഡ് നടത്തി എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ചെയര്മാന് പാലേരി രമേശന് അറിയിച്ചു. ഇഡിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ സൊസൈറ്റിയില്‍ വന്നിരുന്നു എന്നതു വസ്തുതയാണ്. നിലവില്‍ ഇഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. .വസ്തുത ഇതുമാത്രം ആയിരിക്കെ റെയ്ഡ് എന്ന മട്ടില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് 13000-ത്തോളം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഉപജീവനത്തിന് ആധാരമായ ഒരു സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനേ സഹായിക്കൂ. സഹകരണ നിയമങ്ങളും ആദായനികുതി നിയമങ്ങളും ഓഡിറ്റുകളും എല്ലാ കൃത്യമായ നടപടിക്രമങ്ങളും പാലിച്ചു നിയമവിധേയവും സത്യസന്ധവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്നും അദ്ദേഹം അറിയിച്ചു.
ഊരാളുങ്കല്‍ ആസ്ഥാനത്ത് ഇഡി അന്വേഷണം
11:15 PM Nov 30, 2020 | Deepika.com