തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ കെഎഎസ് ഓഫീസർ ജൂണിയർ ടൈം സ്കെയിൽ (ട്രെയിനി) (സ്ട്രീം 3) തസ്തികയുടെ കൂട്ടിച്ചേർക്കൽ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
കോടതി നിർദേശപ്രകാരം കെഎഎസിന് അർഹത നേടിയ വിഭാഗക്കാർക്ക് മാത്രമേ കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിന് അപേക്ഷിക്കാനാകൂ. മൂന്നാം കാറ്റഗറിയിൽ ഹയർ സെക്കൻഡറി അധ്യാപകർക്കായാണ് കൂട്ടിച്ചേർക്കൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. ഈ മാസം 15 വരെ അപേക്ഷിക്കാം. ഈ മാസം 29ന് പ്രാഥമിക പരീക്ഷയും അടുത്തവർഷം ജനുവരി 15, 16 തീയതികളിൽ മുഖ്യപരീക്ഷയും നടത്തുന്നതിനാണ് പിഎസ്സി തയാറെടുക്കുന്നത്.
മുൻപ് നടത്തിയ ഒന്ന്, രണ്ട് കാറ്റഗറികൾക്കൊപ്പം മൂന്നാം കാറ്റഗറിയുടേയും റാങ്ക്പട്ടിക ഒരുമിച്ചാകും പ്രസിദ്ധീകരിക്കുക. രണ്ടാം കാറ്റഗറിയിൽ അപേക്ഷിച്ച ഹയർ സെക്കൻഡറി അധ്യാപകരെ മൂന്നാം കാറ്റഗറിയിലേക്ക് മാറ്റിയിട്ടുണ്ട്. 2019 നവംബർ ഒന്നിലെ ആദ്യ വിജ്ഞാപനത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിന്റെ വയസ്, യോഗ്യത എന്നിവ കണക്കാക്കുക.
കെഎഎസ് ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോൾ ഹയർ സെക്കൻഡറി സീനിയർ അധ്യാപകരെ മൂന്നാം കാറ്റഗറിയിൽ നിന്നും ഒഴിവാക്കിയിരുന്നു. മൂന്നാം കാറ്റഗറിയിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹയർ സെക്കൻഡറി അധ്യാപകർ നൽകിയ ഹർജി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അനുവദിച്ചില്ല. ഇതിനെതിരെ ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടുകയായിരുന്നു.
കെഎഎസ്: കൂട്ടിച്ചേർക്കൽ വിജ്ഞാപനം
11:11 PM Nov 30, 2020 | Deepika.com