തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 8, 10, 14 തീയതികളിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനായി പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്പോൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു. ഇതു സംബന്ധിച്ച് കമ്മീഷൻ പുറപ്പെടുവിച്ച സർക്കുലറിൽ പോളിംഗ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങളെക്കുറിച്ച് നിർദേശം നൽകിയിട്ടുണ്ട്.
വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷന് പുറത്ത് ബ്രേക്ക് ദി ചെയിന്റെ ഭാഗമായി ബക്കറ്റ്, മഗ്, സോപ്പ്, വെള്ളം എന്നിവ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം. സാമൂഹ്യ അകലം പാലിച്ച് ക്യൂ നിൽക്കുന്നതിന് പ്രത്യേകം അടയാളം മാർക്ക് ചെയ്യണം. അത്തരത്തിൽ വോട്ടർമാർ ക്യൂ നിൽക്കുന്ന സ്ഥലത്ത് ആവശ്യമെങ്കിൽ തണൽ ലഭ്യമാക്കുന്നതിന് ടാർപാളിൻ കെട്ടുന്നതിനുള്ള നടപടിയും സ്വീകരിക്കണം.
ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ നേരിട്ട് പരിശോധിച്ച് വൈദ്യുതി, കുടിവെള്ളം, ഫർണിച്ചർ, ടോയ് ലെറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കണം.
വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമല്ലായെങ്കിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, കേരള വാട്ടർ അഥോറിറ്റി എന്നിവയുടെ പ്രാദേശിക ഓഫീസുകളുമായി ബന്ധപ്പെട്ട് അവ ലഭ്യമാക്കാൻ സാധിക്കുമോയെന്ന് പരിശോധിക്കണം. അത്തരത്തിൽ വൈദ്യുതി ലഭ്യമാക്കുന്നതിന് കഴിയാത്ത സാഹചര്യത്തിൽ പോർട്ടബിൾ ടൈപ്പ് ജനറേറ്റർ സംവിധാനം ഏർപ്പെടുത്തേണ്ടതാണ്.
ഏതെങ്കിലും സ്റ്റേഷനിൽ ടോയ് ലെറ്റ് സൗകര്യം ലഭ്യമല്ലായെങ്കിൽ അവ ലഭ്യമാക്കുന്നതിന് ഉചിത നടപടി സ്വീകരിക്കണം. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം കുടുംബശ്രീയുമായി ചേന്ന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം.
ഉദ്യോഗസ്ഥർക്കുള്ള പരിശീലന വിവരങ്ങൾ ഇ-ഡ്രോപ്പിൽ
തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗ്രാമ പഞ്ചായത്തുകളിൽ റിസർവ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും ഇ-ഡ്രോപ് വെബ് സൈറ്റിൽ അവരുടെ പരിശീലന ക്ലാസിന്റെ ഷെഡ്യൂൾ പരിശോധിച്ച ശേഷം നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് കമ്മീഷൻ അറിയിച്ചു.
ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡ് പ്രവർത്തനം ഊർജിതമാക്കാൻ നിർദേശം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമാണോ എന്ന് പരിശോധിക്കുന്നതിനും നിയമപരമല്ലാത്തവ നിർത്തിവയ്പ്പിക്കുന്നതിനും അനധികൃതമായി സ്ഥാപിക്കുന്ന പരസ്യങ്ങളും ബോർഡുകളും നീക്കം ചെയ്യുന്നതിനുമായി രൂപീകരിച്ച ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡിന്റെ പ്രവർത്തനം ഊർജിതമാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പോളിംഗ് സ്റ്റേഷൻ സജ്ജീകരണം: കോവിഡ്-19 പ്രോട്ടോകോൾ പാലിക്കാൻ കർശന നിർദേശം
01:16 AM Nov 30, 2020 | Deepika.com