കോഴിക്കോട്: കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും ഐടി മിഷനും സംയുക്തമായി ഒരുക്കിയ കോവിഡ് ജാഗ്രത പോർട്ടലിന് രണ്ടു കോടിയിലധികം ഹിറ്റിന്റെ അഭിമാന നേട്ടം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, കോവിഡ് ബാധിതരുടെ നിരീക്ഷണം, ചികിത്സ സാധ്യമാക്കല്‍ എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിനു വേണ്ടി വികസിപ്പിച്ച സമഗ്രമായ പകര്‍ച്ചവ്യാധി മാനേജ്മെന്റ് സംവിധാനമാണ് കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷന്‍.
കോവിഡ് രോഗവ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിൽ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്നവർക്ക് സഹായം നൽകുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിന്റെ മേൽ നേട്ടത്തിൽ കോവിഡ് ജാഗ്രത പോർട്ടലിനു രൂപം നൽകിയത്. ഹോം ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗനിരീക്ഷണം, രോഗീ പരിപാലനം, പരാതികള്‍ സമര്‍പ്പിക്കാനും പ്രശ്നപരിഹാരത്തിനുമായുള്ള ഓണ്‍ലൈന്‍ സംവിധാനം എന്നിവയ്ക്കു പുറമെ ഓരോ ഘട്ടത്തിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആവശ്യാനുസരണം ആപ്ലിക്കേഷന്‍ വിപുലീകരിക്കുകയുണ്ടായി.
നിലവിൽ പുതുതായി കോവിഡ് ഐസിയുകളെ ബന്ധിപ്പിക്കുന്ന ഐസിയു ഗ്രിഡ് സംവിധാനവും കോവിഡ് 19 ജാഗ്രത പോർട്ടലിൽ പ്രവർത്തന സജ്ജമായി. സ്വകാര്യ ആശുപത്രികളിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ചികിത്സാധന സഹായത്തിനുള്ള റഫറൽ ലെറ്ററും നിലവിൽ പോർട്ടൽ മുഖേന നൽകുന്നുണ്ട്.
കോവിഡ്- 19 ജാഗ്രത പോർട്ടലിന് രണ്ടു കോടി ഹിറ്റിന്റെ അഭിമാന നേട്ടം
01:16 AM Nov 30, 2020 | Deepika.com