കൊച്ചി: കുവൈറ്റിലെ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ 25 വർഷം നടത്തിയ പ്രവർത്തനങ്ങൾ മറ്റു രാജ്യങ്ങളിലെ സീറോ മലബാർ കൂട്ടായ്മകൾക്ക് പ്രചോദനമേകിയെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് റിട്ടേണീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റ് സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ രജതജൂബിലിയാഘോഷങ്ങളുടെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മാതൃസഭയുടെ വിശ്വാസം, പാരമ്പര്യം, പൈതൃകം എന്നിവ അടുത്ത തലമുറക്ക് പകർന്നു നൽകുന്നതിന് എസ്എംസിഎ കുവൈറ്റ് നൽകിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിലും എസ്എംസിഎ കുവൈറ്റ് എന്നും മുൻപന്തിയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർ ത്തു. ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ആന്റണി കരിയിൽ, മാർ ജോർജ് ഞരളക്കാട്ട്, മാർ ജോസഫ് പെരുന്തോട്ടം എന്നിവർ ആശംസാ സന്ദേശം നൽകി. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അനുമോദനസന്ദേശം നൽകി. പ്രസിഡന്റ് ജേക്കബ് പൈനാടത്ത് അധ്യക്ഷത വഹിച്ചു.
രജതജൂബിലിവർഷത്തോടനുബന്ധിച്ച് മുൻ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ, ജേക്കബ് പൈനാടത്ത്, ഫാ. കെൻസി ജോസഫ് മാമ്മൂട്ടിൽ എസ്ജെ, സി. മേരി ജോ മേനാച്ചേരി സിഎസ്എൻ എന്നിവരെ ആദരിച്ചു. ഫാ. ജോൺ പുരയ്ക്കലിന്റെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ മാതൃ ഇടവകയിൽ വിശ്വാസപരിശീലനത്തിലെ 10, 12 ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്നവർക്കായി എൻഡോവ്മെന്റ്് സ്ഥാപിക്കുന്നതിനുള്ള തുക കൈമാറി. എസ് എം സി എ കുവൈറ്റ് പ്രസിഡന്റ് തോമസ് കുരുവിള, സംഘടനയുടെ നോർത്ത് അമേരിക്കയിലെ കോ-ഓർഡിനേറ്റർ കെ.എം. ചെറിയാൻ എന്നിവർ ആശംസ നൽകി.
ജനറൽ സെക്രട്ടറി ജോയ് തുമ്പശേരി സ്വാഗതമാശംസിച്ചു. ട്രഷറർ ജോർജ് ചാക്കോ എസ്എംസിഎ കുവൈറ്റിന്റെ 25 വർഷത്തെ നേട്ടങ്ങൾ വിവരിച്ചു സംസാരിച്ചു.
ജോയിന്റ് സെക്രട്ടറി ഡേവിസ് കൊളാട്ടുകുടിയും ഭരണസമിതിയംഗം ബൈജു സെബാസ്റ്റ്യനും ആദരിക്കപ്പെടുന്നവരെ പരിചയപ്പെടുത്തി. ഭരണസമിതിയംഗം ഫ്രാൻസിസ് വടക്കേത്തല അനുസ്മരണ പ്രാർഥന നടത്തി. ഓഫീസ് സെക്രട്ടറി തോമസ് ലോനപ്പൻ നന്ദിയർപ്പിച്ചു. ചടങ്ങിനുശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അംഗങ്ങൾ റിക്കോർഡ് ചെയ്ത വിവിധ കലാപരിപാടികളുടെ വീഡിയോ പ്രദർശിപ്പിച്ചു.
എസ്എംസിഎ കുവൈറ്റിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: മാർ ജോർജ് ആലഞ്ചേരി
12:19 AM Nov 29, 2020 | Deepika.com