കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യുഎന്‍എ) സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംഘടനയുടെ അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരെ സംസ്ഥാന സെക്രട്ടറി പി. രശ്മി നല്കിയ ഹര്‍ജി ഹൈക്കോടതി ഡിസംബര്‍ രണ്ടിനു പരിഗണിക്കാനായി മാറ്റി.
സംഘടനയുടെ തൃശൂരിലെ അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതു മൂലം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനോ വായ്പ തിരിച്ചടയ്ക്കാനോ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. അക്കൗണ്ടുകള്‍ വ്യാജമാണെന്നോ നിയമവിരുദ്ധമായി ശേഖരിച്ച പണമാണെന്നോ പരാതിയില്ലാത്ത സാഹചര്യത്തില്‍ ഇവ മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും കേസിലുള്‍പ്പെടാത്ത സംഘടനാ ഭാരവാഹികളുടെ പേരില്‍ പുതിയ അക്കൗണ്ട് തുടങ്ങി ഈ പണം മാറ്റാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ഹര്‍ജി പരിഗണിക്കവെ മുഴുവന്‍ അക്കൗണ്ടുകളും മരവിപ്പിക്കേണ്ടതുണ്ടോയെന്ന് സിംഗിള്‍ബെഞ്ച് വാക്കാല്‍ ചോദിച്ചു. എന്നാല്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണെന്നും മരവിപ്പിച്ച നടപടിയെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ എതിര്‍പ്പുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് സര്‍ക്കാരിന് രേഖാമൂലം എതിര്‍പ്പ് അനുവദിക്കാനാണ് ഹര്‍ജി ഡിസംബര്‍ രണ്ടിലേക്ക് മാറ്റിയത്.
അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി 65.99 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കേസ്. സംഭവത്തെത്തുടര്‍ന്ന് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എന്നാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ 65.99 ലക്ഷത്തിലേറെ പണമുണ്ടെന്നും ഈ തുകയില്‍ കൂടുതലുള്ള തുക വിനിയോഗിക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
നഴ്സസ് അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി മാറ്റി
12:51 AM Nov 28, 2020 | Deepika.com