കൊച്ചി: കോവിഡ് സാഹചര്യത്തില്‍ ശബരിമലയിലെ പ്ലാസ്റ്റിക് നിരോധനത്തില്‍ ഇളവു വേണമെന്ന ശബരിമല സ്പെഷല്‍ കമ്മീഷണറുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. വാക്സിന് കണ്ടെത്തിയാല്‍ കോവിഡ് ഭീഷണിയില്ലാതാകും.
എല്ലാക്കാലവും കോവിഡ് ഉണ്ടാവില്ല. എന്നാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നശിക്കാതെ എല്ലാ ക്കാലവും തുടരുമെന്നും ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി 2015 ലും 2018 ലുമായാണു ഹൈക്കോടതി പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത്.
മഹാമാരിയുടെ കാലത്ത് ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ പേരില്‍ പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുന്ന പ്ലാസ്റ്റിക് അനുവദിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പ്ലാസ്റ്റിക് ബോട്ടിലില്‍ സാനിട്ടൈസര്‍ ശബരിമലയില്‍ കൊണ്ടുപോകാന്‍ അനുവദിക്കണമെന്നാണ് സ്പെഷല്‍ കമ്മിഷണര്‍ ആവശ്യപ്പെട്ടത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളായ ഫേസ് ഷീല്‍ഡും ഗ്ലൗസും സാനിട്ടൈസര്‍ ബോട്ടിലുമൊക്കെ കുറച്ചു നേരം ഉപയോഗിച്ചശേഷം ഭക്തര്‍ ഉപേക്ഷിക്കാന്‍ സാധ്യതയേറെയാണ്. ഇതുള്‍പ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യം എങ്ങനെ ശാസ്ത്രീയമായി വേര്‍തിരിച്ചു പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങള്‍ക്കും ഉപദ്രവമാകാതെ സംസ്കരിക്കുമെന്ന കാര്യത്തില്‍ സ്പെഷല്‍ കമ്മീഷണര്‍ ഒന്നും പറയുന്നില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശബരിമല: പ്ലാസ്റ്റിക് നിരോധനത്തില്‍ ഇളവില്ല
12:36 AM Nov 28, 2020 | Deepika.com