കൊച്ചി: സംസ്ഥാനത്തെ പ്രൈമറി അധ്യാപക യോഗ്യതയ്ക്കുള്ള ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ (ഡിഎല്‍എഡ്) കോഴ്സ് അനിശ്ചിത്വത്തില്‍. 2020-22 അധ്യയന വര്‍ഷത്തേക്കുള്ള കോഴ്സിന്റെ പ്രവേശന നടപടികള്‍ക്ക് അപേക്ഷ ക്ഷണിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.
പുതിയ അധ്യയന വര്‍ഷത്തെ ഡിഎല്എഡിന്റെ പ്രവേശന നടപടികള്‍ സെപ്റ്റംബര്‍ 30നു മുമ്പു പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതനുസരിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിജ്ഞാപനം ഓഗസ്റ്റ് 27നു പുറപ്പെടുവിച്ചതാണ്. സെപ്റ്റംബര്‍ 18 നായിരുന്നു അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി. പ്ലസ്ടു അടിസ്ഥാന യോഗ്യതയായ കോഴ്സിന് ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് അപേക്ഷ നല്കി പ്രവേശനത്തിനായി കാത്തിരിക്കുന്നത്.
സംസ്ഥാനത്തു സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 101 ഡിഎല്‍എഡ് ട്രെയിനിംഗ് സ്കൂളുകളുണ്ട്. ഏതാനും എയ്ഡഡ് കോളജുകളില്‍ മാനേജ്മെന്റുകള്‍ മെറിറ്റടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇവിടുത്തെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള പ്രവേശനം നടന്നിട്ടില്ല. ചില സ്വാശ്രയ സ്ഥാപനങ്ങളിലും ഡിഎല്‍എഡ് കോഴ്സ് നടത്തുന്നുണ്ട്.
പ്രവേശന നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ വാക്കാല്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണു ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍നിന്നു ലഭിക്കുന്ന മറുപടിയെന്ന് അപേക്ഷകരും രക്ഷിതാക്കളും പറയുന്നു. പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്നു വ്യക്തത ലഭിക്കാനുണ്ടെന്നു തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം. ഗീത അറിയിച്ചു. അവ്യക്തത മൂലം അപേക്ഷകരായ വിദ്യാര്‍ഥികള്‍ക്ക് മറ്റു കോഴ്സുകള്‍ക്കു ചേരാനാകാത്ത സ്ഥിതിയാണ്.
ക്ലാസുകള്‍ എന്ന് ആരംഭിക്കുമെന്നതില്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കണമെന്നും ആയിരക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കരുതെന്നും ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സെക്രട്ടറി ജോഷി വടക്കന്‍ ആവശ്യപ്പെട്ടു. നാലു സെമസ്റ്ററുകളിലായ രണ്ടു വര്‍ഷമാണു ഡിഎല്‍എഡ് കോഴ്സിന്റെ കാലാവധി.
നേരത്തെ ടിടിസി എന്നും പിന്നീടു ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍ (ഡിഎഡ്) എന്ന പേരിലും അറിയപ്പെട്ടിരുന്ന കോഴ്സാണു 2018-19 അധ്യയന വര്‍ഷം മുതല്‍ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡിഎല്‍എഡ്) എന്നു പുനര്‍നാമകരണം ചെയ്തത്. എല്‍പി, യുപി അധ്യാപക വിദ്യാഭ്യാസത്തിന്റെ ഘടനയും സ്വഭാവവും പാഠ്യപദ്ധതിയും അന്നു പരിഷ്കരിച്ചിരുന്നു.
പ്രൈമറി അധ്യാപക യോഗ്യതയ്ക്കുള്ള ഡിഎല്‍എഡ് കോഴ്സ് അനിശ്ചിതത്വത്തില്‍
02:29 AM Nov 27, 2020 | Deepika.com