തിരുവനന്തപുരം: പോലീസ് ആക്ട് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നാളെ രാവിലെ 10 മുതൽ 11 വരെ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും പ്രതിഷേധ ധർണ നടത്തുമെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.
പോലീസ് ആക്ട് ഭേദഗതി ചെയ്ത് പുറപ്പെടുവിച്ച ഓർഡിനൻസ് മാധ്യമ സ്വാതന്ത്ര്യത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും ഹനിക്കുന്നതാണെന്ന ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സർക്കാരിെൻ മുഖം രക്ഷിക്കാനുള്ള തന്ത്രം മാത്രമാണ്. കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും മനുഷ്യാവകാശ പ്രവർത്തകരും ഒരു പോലെ ആവശ്യപ്പെട്ടത് ഈ കരിനിയമം പിൻവലിക്കണമെന്നാണ്.
നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമ ലംഘനമാണ്. സിപിഎം ജനറൽ സെക്രട്ടറി ഉൾപ്പെടെ വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ തടിതപ്പാനുള്ള ശ്രമമാണിത്. ഓർഡിനൻസ് പിൻവലിക്കാനുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഹസൻ പറഞ്ഞു.
പോലീസ് ആക്ട് ഭേദഗതി പിൻവലിക്കാൻ യുഡിഎഫ് പ്രതിഷേധം നാളെ
12:34 AM Nov 24, 2020 | Deepika.com