കൊച്ചി: ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കുന്നതിന്റെ നടപടിക്രമങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെന്നും സാമുദായിക സംവരണത്തെക്കുറിച്ചു പിന്നാക്ക ജനവിഭാഗങ്ങള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ചശേഷം മാത്രം ഇതു നടപ്പിലാക്കണമെന്നും കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതി (കെആര്‍എല്‍സിബിസി) യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിലെ മുന്നാക്ക സമുദായാംഗങ്ങളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ, ഉദ്യോഗമണ്ഡലങ്ങളില്‍ സംവരണം നല്‍കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെയും ദളിത് ക്രൈസ്തവരും ലത്തീന്‍ കത്തോലിക്കരും ഉള്‍പ്പെടെയുള്ള ഒബിസി വിഭാഗങ്ങളുടെയും ഇടയില്‍ വലിയ ആശങ്കകള്‍ ഉണ്ടായിട്ടുണ്ട്. മുന്നാക്കസമുദായാംഗങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളുടെ പുരോഗതിക്കും പരിരക്ഷയ്ക്കും ആവശ്യമായ ക്ഷേമപദ്ധതികള്‍ രാജ്യത്തെ ഭരണഘടനാനുസൃതം ഏര്‍പ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ഇക്കാര്യത്തില്‍ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
2019ലെ ഭേദഗതി പ്രകാരം മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം കേരളത്തിലെ വിദ്യാഭ്യാസ-ഉദ്യോഗമണ്ഡലങ്ങളില്‍ നടപ്പിലാക്കുന്ന രീതി സംബന്ധിച്ചാണ് കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുള്ളത്.. ശാസ്ത്രീയമായ പഠനങ്ങളോ സ്ഥിതിവിവരക്കണക്കുകളോ ഇല്ലാതെയാണ് കേരളസര്‍ക്കാര്‍ ഇത് നടപ്പിലാക്കുന്നതെന്നാണ് പിന്നാക്ക വിഭാഗങ്ങള്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.
മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം, കേന്ദ്രസര്‍ക്കാരിന്റെ മാര്ഗരേഖയ്ക്കനുസരിച്ചും ആവശ്യമായ പഠനം നടത്തിയതിനുശേഷവും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കണം.
പിന്നാക്ക വിഭാഗങ്ങളുടെ സംഘടനാ നേതാക്കളുമായി ചര്‍ച്ചയ്ക്കു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും മെത്രാന് സമിതി ആവശ്യപ്പെട്ടു.
കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, മെത്രാന് സമിതി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവരുള്‍പ്പെടെ കേരളത്തിലെ പന്ത്രണ്ടു ലത്തീന്‍ രൂപതാധ്യക്ഷന്മാര് യോഗത്തില്‍ പങ്കെടുത്തു.
പിന്നാക്ക, ദളിത് സമുദായങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് കെആര്‍എല്‍സിബിസി
12:55 AM Nov 01, 2020 | Deepika.com