തൃശൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി സിപിഎം നേതാവല്ലെന്ന് എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ. എം. ശിവശങ്കറിനെയും ബിനീഷ് കോടിയേരിയെയും അറസ്റ്റ് ചെയ്തതു സിപിഎമ്മിനെയോ ഇടതുമുന്നണിയെയോ ബാധിക്കില്ല. കോടിയേരി ബാലകൃഷ്ണനാണ് പാർട്ടി സെക്രട്ടറി. സെക്രട്ടറിയുടെ മകന്റെ പ്രവർത്തനം പാർട്ടി വിഷയമല്ല. മകന്റെ പേരിലുള്ള നടപടി അച്ഛന്റെ തലയിൽ കെട്ടിവയ്ക്കാനാകില്ല.
പാർട്ടി സെക്രട്ടറി എന്ന നിലയിൽ കോടിയേരി ബാലകൃഷ്ണൻ എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ മാത്രമേ അതു പാർട്ടി വിഷയമാകൂ.
കോടിയേരി ബാലകൃഷ്ണൻ ഏതെങ്കിലും തരത്തിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല. മകൻ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നു കോടിയേരിതന്നെ നേരത്തേ വ്യക്തമാക്കിയതാണ്.മാധ്യമങ്ങളോ പ്രതിപക്ഷമോ അല്ല, ജനങ്ങളാണ് ഗതിവിഗതികളെ നിയന്ത്രിക്കുന്നതെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.
ബിനീഷ് സിപിഎം നേതാവല്ല, പാർട്ടിയെ ബാധിക്കില്ല: എ. വിജയരാഘവൻ
01:06 AM Oct 30, 2020 | Deepika.com