കൊച്ചി: ഓണ്‍ലൈന്‍ ഹര്‍ജികള്‍ കേള്‍ക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈക്കോടതി വി കണ്‍സോള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു. ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടെക്ജന്‍ഷ്യ എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ ആപ്ളിക്കേഷന്‍ ഇന്നലെ രണ്ടു സിംഗിള്‍ ബെഞ്ചുകളിലാണു പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചത്. നിലവില്‍ സൂം, ഗൂഗിള്‍ മീറ്റ്, വെബ് എക്സ് തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ഓണ്‍ലൈനായി കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ ഉപയോഗിക്കുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച ആപ്ലിക്കേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണു ഹൈക്കോടതി വി കണ്‍സോള്‍ എന്ന ആപ്പിലേക്ക് ചുവടുമാറുന്നത്. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് ഈ ആപ്ലിക്കേഷനില്‍ പരിഷ്കാരങ്ങള്‍ വരുത്തി കൂടുതല്‍ യൂസര്‍ ഫ്രണ്ട്ലിയാക്കും. ഹൈക്കോടതിയില്‍ നിലവിലുള്ള സോഫ്ട്വെയറുമായി യോജിപ്പിച്ചാണു വി കണ്‍സോള്‍ ഉപയോഗിക്കുക.
നിലവില്‍ സൂം ആപ്ലിക്കേഷനിലടക്കം നൂറു പേര്‍ക്കു മാത്രമാണ് ഒരേ സമയം വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പ്രവേശിക്കാനാവുക. വി കണ്‍സോളില്‍ 230 പേര്‍ക്കു കോടതി നടപടികള്‍ ഒരേസമയം വീക്ഷിക്കാനാവും. അഭിഭാഷകര്‍ക്കും മറ്റുള്ളവര്‍ക്കുമായി പ്രത്യേക ലിങ്കും ലഭ്യമാക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ഹര്‍ജികള്‍ കേള്‍ക്കാന്‍ വി കണ്‍സോള്‍ ആപ്ലിക്കേഷന്‍
12:44 AM Oct 28, 2020 | Deepika.com