തൊടുപുഴ: വൈദ്യുതോദ്പാദനം വർധിപ്പിച്ച് ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയ്ക്കാനുള്ള ബോർഡിന്റെ നീക്കത്തിനു തിരിച്ചടിയായി ജനറേറ്റർ തകരാർ.
അണക്കെട്ടിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവലിൽ എത്തിയതോടെയാണ് അണക്കെട്ടിലെ ജലനിരപ്പു താഴ്ത്താൻ ബോർഡ് ശ്രമമാരംഭിച്ചത്. സംസ്ഥാനത്തെ മറ്റിടങ്ങളിൽ ഉത്പാദനം കുറച്ച് മൂലമറ്റത്ത് പരമാവധി ഉത്പാദനം വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം. കേന്ദ്രപൂളിൽനിന്നുള്ള വൈദ്യുതി സറണ്ടർ ചെയ്യാനും അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി വില്പന നടത്താനും തീരുമാനിച്ചിരുന്നു.ഇതേ തുടർന്നു മൂലമറ്റത്ത് ഉത്പാദനം പരമാവധിയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിനിടെയാണ് ജനറേറ്റർ തകരാർ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്.
ആറു ജനറേറ്ററുകളുള്ള ഇവിടെ മൂന്നു ജനറേറ്ററുകൾ മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്. ഒന്ന്,അഞ്ച്,ആറ് നന്പർ ജനറേറ്ററുകളാണിവ. രണ്ടാം നന്പർ ജനറേറ്റർ നവീകരണത്തിലാണ്. മൂന്നാം നന്പർ ജനറേറ്റർ ഇന്നലെ രാത്രി വൈകി പ്രവർത്തനക്ഷ മമായതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജനുവരി 20നു പൊട്ടിത്തെറിയുണ്ടായതിനെത്തുടർന്നാണ് രണ്ടാം നന്പർ ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിവച്ചത്.പ്രശ്നം പരിഹരിച്ച് പിന്നീട് പരീക്ഷണ ഓട്ടം നടത്തിയപ്പോൾ വീണ്ടും തകരാർ കണ്ടെത്തുകയായിരുന്നു. ജനറേറ്ററിന്റെ സ്റ്റേറ്ററിന്റെ വൈൻഡിംഗിനാണ് തകരാർ കണ്ടെത്തിയത്. ഇതു പരിഹരിക്കുന്നതിനു കാലതാമസമെടുക്കുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
മൂന്നാം നന്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപണി തീർത്ത് പരീക്ഷണ ഓട്ടം നടത്തിയപ്പോൾ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു ഇതും നിർത്തിവയ്ക്കുകയായിരുന്നു. നാലാം നന്പർ ജനറേറ്ററിന്റെ ബയറിംഗ് അമിതമായി ചൂടാകുന്നതിനാൽ പ്രവർത്തിപ്പിക്കാനാകുന്നില്ല. ജനറേറ്റർ തകരാറിനെത്തുടർന്നു മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കുറച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കൂടുതലാണ്. രണ്ടാഴ്ച മുന്പ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെത്തുടർന്നു പദ്ധതി പ്രദേശത്ത് ശക്തമായ മഴ ലഭിക്കുകയും അണക്കെട്ടിലെ ജലനിരപ്പ് സംഭരണ ശേഷിയോട് അടുക്കുകയും ബ്ലൂ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
2390.85 അടിയിൽ ജലനിരപ്പ് എത്തിയതിനെത്തുടർന്ന് കഴിഞ്ഞ 13നാണ് ജില്ലാ ഭരണകൂടം ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ ഏഴിന് ജലനിരപ്പ് 2393.90 അടിയിലെത്തി.
ജെയിസ് വാട്ടപ്പിള്ളിൽ
ജനറേറ്റർ തകരാർ; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയ്ക്കാനുള്ള ശ്രമത്തിനു തിരിച്ചടി
12:32 AM Oct 28, 2020 | Deepika.com