തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ ബിടെക് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നാല് കോളജുകളിലെ വിദ്യാര്‍ഥികളില്‍ നിന്നു 28 മൊബൈലുകള്‍ പിടിച്ചെടുത്തു. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് ഈ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുമായും പരീക്ഷാവിഭാഗം അധ്യാപകരുമായും സര്‍വകലാശാല പരീക്ഷ ഉപസമിതി നടത്തിയ ഓണ്‍ലൈന്‍ ഹിയറിംഗിലാണ് ഇക്കാര്യം അറിയിച്ചത് .
കോപ്പിയടി നടന്ന നാലു കോളജുകളില്‍ ഒരുകോളജില് നിന്നു 16 ഉം മറ്റൊരു കോളജില്‍നിന്നു 10 ഉം മറ്റ് രണ്ടു കോളജുകളില്‍ നിന്ന് ഓരോന്നും വീതമാണ് പരിശോധനയില്‍ ലഭിച്ചത്. പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനമുണ്ട്. അതിനാല്‍ മൊബൈല്‍ കൊണ്ടുവരുന്നവര്‍ അവ പുറത്തുവയ്ക്കണമെന്ന് ഇന്‍വിജിലേറ്റര്‍സ് നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ രഹസ്യമായി മൊബൈല്‍ ഫോണുമായി പരീക്ഷാഹാളിലേക്ക് കയറിയവരില്‍ നിന്നാണ് ഫോണ്‍ പിടിച്ചെടുത്ത്.
ഒരേ വിഷയത്തിനായി പലതരം വാട്സ്ആപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന വിവരവും ലഭിച്ചു.75 മാര്‍ക്കിനുള്ള ഉത്തരങ്ങള്‍ വരെ ചില ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. പിടിച്ചെടുത്ത പല മൊബൈല്‍ഫോണുകളും ഇപ്പോള്‍ ലോക്ക്ഡ് സ്ഥിതിയിലാണ്. ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചോ ഇമെയില്‍ അക്കൗണ്ട് ഉപയോഗിച്ച് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴിയോ ഫോണ്‍ ഉപയോഗം തടയുവാനും വാട്സ്ആപ്പ് നീക്കം ചെയ്യുവാനും കഴിയും.
അതിനാല്‍ ഫോണുകള്‍ വീണ്ടും പരിശോധിച്ച് യഥാര്‍ഥ വിവരങ്ങള്‍ കണ്ടെത്തുന്നതിന് സാങ്കേതിക പരിമിതികളുണ്ടെന്നു പ്രിന്‍സിപ്പല്‍മാര്‍ അഭിപ്രായപ്പെട്ടു. സമാനമായ കോപ്പിയടികള്‍ മറ്റു കോളജുകളിലും പരീക്ഷകളിലും നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് ഓരോ കോളജുകളിലെയും അച്ചടക്ക സമിതികള്‍ കൂടി വിശദമായ റിപ്പോര്‍ട്ടുകള്‍ അഞ്ച് ദിവസത്തിനകം നല്‍കണമെന്ന് പ്രിന്‍സിപ്പള്‍മാരോട് ആവശ്യപ്പെട്ടു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എസ്. അയൂബ്, സിന്‍ഡിക്കറ്റ് പരീക്ഷ ഉപസമിതി അംഗങ്ങളായ പ്രഫ.പി.ഒ.ജെ. ലബ്ബ, ഡോ. സി. സതീഷ് കുമാര്‍, ഡോ.ജി. വേണുഗോപാല്‍ പരീക്ഷാ കണ്ട്രോളര് ഡോ.കെ.ആര്. കിരണ്‍ എന്നിവരാണ് ഹിയറിംഗ് നടത്തിയത്.
പരീക്ഷാക്രമക്കേട്: പിടിച്ചെടുത്തത് 28 മൊബൈലുകള്‍
12:32 AM Oct 28, 2020 | Deepika.com