കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു കുരുക്കായി വാട്സ് ആപ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ശിവശങ്കര്‍ പണമിടപാടില്‍ ഇടപെട്ടുവെന്നതിന് ആധാരമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്ന വാട്സ്ആപ് ചാറ്റിലെ വിവരങ്ങളാണ് പുറത്തു വന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലുമായുള്ള ചാറ്റുകളില്‍ മാധ്യമങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ മാറി നില്‍ക്കുന്നതിനെക്കുറിച്ചും, അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. ഇതോടെ ശിവശങ്കറിനു കേസുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടെന്നു വ്യക്തമാകുകയാണ്.
സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നതിനു ശേഷമുള്ള വാട്സ്ആപ് ചാറ്റുകളാണ് ചര്‍ച്ചയാകുന്നത്. ജൂലൈ 21 മുതലുള്ള സന്ദേശങ്ങളാണ് ശിവശങ്കറിനു കുരുക്കാകുന്നത്. മാധ്യമങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ കേരളം വിടാനും ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ശിവശങ്കര്‍ ഉപദേശിക്കുന്നു. ലോക്കറിലെ ആശങ്കയും ശിവശങ്കറിന്റെ സന്ദേശങ്ങളില്‍ വ്യക്തമാണ്. ഈ വാട്സ്ആപ് ചാറ്റുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഇതും നിര്‍ണായക തെളിവാകും.
ജൂലൈ 21 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള ചാറ്റുകളാണ് കേന്ദ്ര ഏജന്‍സികള്‍ പിടിച്ചെടുത്തത്. ഇതാണ് ശിവശങ്കറിനു കുരുക്കായി മാറിയതും. സ്വപ്ന അറസ്റ്റിലായി പത്തു ദിവസത്തിനു ശേഷമുള്ള ചാറ്റുകളാണ് പുറത്തുവരുന്നത്. ഈ സമയത്ത് വേണുഗോപാലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കസ്റ്റംസില്‍നിന്ന് വിളി വന്നതിനു ശേഷവും ചര്‍ച്ച വാട്സ്ആപ്പില്‍ നടന്നു. ലോക്കറിനെക്കുറിച്ചാണ് ചോദിച്ചതെന്നും ശിവശങ്കറിനോട് ചോദ്യം ചെയ്യലിനു ശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വെളിപ്പെടുത്തുന്നുണ്ട്. സാമ്പത്തികത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന ഭയവും സന്ദേശങ്ങളിലൂണ്ട്.
ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേ നടന്നത് ശക്തമായ വാദപ്രതിവാദങ്ങളായിരുന്നു. സ്വര്‍ണക്കടത്തിനു പിന്നിലും ശിവശങ്കറിന്റെ കരങ്ങളുണ്ടെന്ന ഗുരുതരമായ ആരോപണങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ചത്. സ്വപ്നയെ മറയാക്കി ശിവശങ്കര്‍ പണമിടപാട് നടത്തിയിരുന്നതായി ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
ശിവശങ്കറിന്റെ സുഹൃത്തുകൂടിയാണ് നികുതി വിദഗ്ധനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാല്‍. സ്വപ്നയ്ക്കുവേണ്ടി ലോക്കറില്‍ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇരുവരും ചര്‍ച്ച ചെയ്യുന്നുണ്ട്. നിക്ഷേപം ഏതെല്ലാം രീതിയില്‍ കൈകാര്യം ചെയ്യണമെന്നും വേണുഗോപാലില്‍നിന്ന് ശിവശങ്കര്‍ ചോദിച്ചറിയുന്നുണ്ട്. ശിവശങ്കറിനോട് ഇഡി 35 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇല്ല എന്നാണു മറുപടി നല്‍കിയത്. വേണുഗോപാലുമായി പണമിടപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവോ എന്ന് ഇഡി ചോദിച്ചപ്പോഴും ഇല്ല എന്നായിരുന്നു മറുപടി.
സ്വപ്നയുടെ പണമിടപാടുകളെക്കുറിച്ച് തനിക്കു യാതൊരു വിവരവുമില്ലെന്നാണ് ഇതിലൂടെ ശിവശങ്കര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചെതെങ്കിലും ഈ വാദത്തെ എതിര്‍ക്കുന്ന വിവരങ്ങളാണ് ചാറ്റിലൂടെ പുറത്തു വരുന്നത്.
ചാറ്റിംഗ് ചതിച്ചു ; ശിവശങ്കറിന്റെ വാദങ്ങള്‍ പൊളിയുന്നു
01:25 AM Oct 26, 2020 | Deepika.com