താമരശേരി: കക്കാടംപൊയിലിൽ ഒരുപറ്റം യുവാക്കൾ കുരിശിനെതിരെ നടത്തിയ ആഭാസ പ്രകടനത്തെ താമരശേരി രൂപത ശക്തമായി അപലപിച്ചു.
ആർഷ ഭാരത സംസ്കാരം മത സൗഹാർദത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയുമാണ്. എല്ലാ മതങ്ങളെയും തുല്യമായി കരുതുന്ന ഇന്ത്യൻ ഭരണഘടന അവനവന്റെ വിശ്വാസത്തിൽ വളരാൻ ഓരോ പൗരനും സ്വാതന്ത്ര്യം നൽകുന്നുണ്ട്. മറ്റു മതങ്ങളെയും മത ചിഹ്നങ്ങളെയും അവഹേളിക്കുന്നത് സാംസ്കാരികമായി ഉയർന്നു നിൽക്കുന്ന നാടിന് അപമാനകരമാണ്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് തക്കതായ ശിക്ഷ നൽകാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണം.
മതസൗഹാർദത്തെ തകർക്കുന്ന ഒരു പ്രവൃത്തിയും ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുവാൻ പാടില്ല. വിശ്വാസത്തിന്റെ അടയാളമായ കുരിശിനെ അപമാനിച്ചതുവഴി വേദന അനുഭവിക്കുന്ന വിശ്വാസി സമൂഹം ആത്മസംയമനം പാലിക്കണമെന്നും പൊതുസമൂഹം ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും താമരശേരി രൂപത പ്രസ്താവനയിൽ അറിയിച്ചു.
അപലപനീയമെന്ന് കെസിവൈഎം
കോട്ടയം: ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ വിശുദ്ധ കുരിശിനെ അവഹേളിച്ച നടപടി അപലപനീയമാണെന്ന് കെസിവൈഎം സംസ്ഥാന സമിതി. പൂഞ്ഞാറിലും കക്കാടംപൊയിൽ കുരിശുമലയിലും കുരിശിനെ അപമാനിക്കുന്ന രീതിയിൽ ഒരുപറ്റം സാമൂഹികവിരുദ്ധർ ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നതെന്ന് കെസിവൈഎം വിലയിരുത്തി.
ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികൾക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലയ്ക്കൽ, ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, വൈസ് പ്രസിഡന്റുമാരായ ലിമിന ജോർജ്, ജെയ്സണ് ചക്കേടത്ത്, സെക്രട്ടറിമാരയ അനൂപ് പുന്നപ്പുഴ, ഡെനിയ സിസി ജയൻ, സിബിൻ സാമുവൽ, അബിനി പോൾ, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ റോസ്മെറിൻ എന്നിവർ പ്രസംഗിച്ചു.
ശക്തമായ നടപടി സ്വീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ്
കൊച്ചി: കക്കാടംപൊയിൽ കുരിശുമലയിൽ സ്ഥാപിച്ച കുരിശിനെ അവഹേളിച്ച സാമൂഹ്യദ്രോഹികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. കുരിശിനെ അവഹേളിച്ച് പാർട്ടി ചിഹ്നം എഴുതിയവർ സാമൂഹ്യദ്രോഹികൾ ആണെന്നും സമൂഹത്തിൽ വിപത്ത് വിതയ്ക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടരെ ശക്തമായി നേരിടണമെന്നും എറണാകുളത്തു ചേർന്ന കേന്ദ്ര സമിതി യോഗം ആവശ്യപ്പെട്ടു. അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറർ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ സെക്രട്ടറിമാരായ തോമസ് പീടികയിൽ, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.
കുരിശിനെ അവഹേളിച്ച സംഭവം: താമരശേരി രൂപത അപലപിച്ചു
12:55 AM Oct 26, 2020 | Deepika.com