കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കുമെന്നും മുന്നണിക്കു പുറത്തുള്ള കക്ഷികളുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കും ദുര്‍ഭരണത്തിനും ഫാസിസത്തിനുമെതിരെ കൈകോർക്കാവുന്നവരെ ഒരുമിപ്പിക്കും.
പ്രാദേശികതലത്തില്‍ സാമൂഹിക സേവനരംഗത്തുള്ള വ്യക്തികള്‍, സംഘടനകൾ, സോഷ്യല്‍ ഗ്രൂപ്പുകള്‍ തുടങ്ങിയവര്‍ സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചാല്‍ അക്കാര്യം ചര്‍ച്ചചെയ്തു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം കീഴ്ഘടകങ്ങൾക്കു നൽകുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഉന്നതാധികാരസമിതി യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. യുഡിഎഫ് കണ്‍വീനര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയതിനെക്കുറിച്ചു മറുപടി നല്‍കിയതാണ്. ഇക്കാര്യം ആവർത്തിച്ചു പറയാനില്ല. ജോസ് കെ. മാണി എല്‍ഡിഎഫില്‍ ചേര്‍ന്നതുകൊണ്ടു യുഡിഎഫിന് ഒരു പോറല്‍പോലും ഏല്‍ക്കില്ല. പരമ്പരാഗത കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്തില്ലെന്നു തദ്ദേശതെരഞ്ഞെടുപ്പ് തെളിയിക്കും.
പി.സി. തോമസിനു യുഡിഎഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് ആഗ്രഹമുണ്ട്. അദ്ദേഹം ഈ ആവശ്യമുന്നയിച്ചു മുന്നോട്ടുവന്നാല്‍ യുഡിഎഫ് ചര്‍ച്ച ചെയ്യും. പി.സി. ജോര്‍ജുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
പുറത്തുള്ള കക്ഷികളുമായി സഖ്യമില്ല: യുഡിഎഫ്
01:00 AM Oct 24, 2020 | Deepika.com