തിരുവനന്തപുരം: ആർകിടെക്ചർ കോഴ്സിലേക്കുള്ള ഒന്നാംഘട്ടവും എൻജിനിയറിംഗ്/ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ടവും അലോട്ടുമെന്റുകൾ പ്രസിദ്ധീകരിച്ചു. സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്/ആർകിടെക്ചർ കോളജുകളിലെ കമ്യൂണിറ്റി/രജിസ്റ്റേർഡ് സൊസൈറ്റി/രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ടയിലേക്ക് മാറ്റിവച്ചിട്ടുള്ള സീറ്റുകളിലേക്കും അലോട്ടുമെന്റ് നടത്തിയിട്ടുണ്ട്.
ആദ്യഘട്ട അലോട്ടുമെന്റിൽ താത്കാലികമായി ഉൾപ്പെടുത്തിയ 10 സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലേയും രണ്ടാം ഘട്ട അലോട്ടുമെന്റിൽ താത്കാലികമായി ഉൾപ്പെടുത്തിയ 12 സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലേയും പുതുതായി അനുവദിക്കപ്പെട്ട 31 കോഴ്സുകളിലേക്കുള്ള അലോട്ടുമെന്റ് ഈ ഘട്ടത്തിൽ ഒഴിവാക്കി. യൂണിവേഴ്സിറ്റി അഫിലിയേഷൻ ലഭിച്ചതു മൂലം പുതുതായി ഉൾപ്പെടുത്തിയ മൂന്നു സ്വാശ്രയ ഫാർമസി കോളജുകളിലേക്കു ഈ ഘട്ടത്തിൽ അലോട്ടുമെന്റ് നടത്തിയിട്ടുണ്ട്. പയ്യന്നൂർ കോളജ് ഓഫ് എൻജിനിയറിംഗ് ആ്ൻഡ് ടെക്നോളജി കോളജിലെ ആർകിടെക്ചർ കോഴ്സിലേക്കുള്ള ഫീസ് 75,000 രൂപ എന്ന് വെബ്സൈറ്റിൽ കാണിച്ചിരുന്നത് മറ്റു സ്വാശ്രയ ആർകിടെക്ചർ കോളജുകളുടേതിനു സമാനമായി 80,000 രൂപ ആയിരിക്കും.
അലോട്ടുമെന്റ് ലഭിച്ചവർ അതത് കോളജുകളുടെ വെബ്സൈറ്റുകൾ പരിശോധിച്ച് പ്രവേശന ഷെഡ്യൂൾ മനസിലാക്കി പ്രവേശന നടപടികൾ പൂർത്തിയാക്കണം.
നിശ്ചിത സമയത്തിനകം കോളജുകളിൽ പ്രവേശനം നേടാത്തവരുടെ അലോട്ടുമെന്റും ഹയർ ഓപ്ഷനുകളും റദ്ദാകും. എല്ലാ കോളജ് പ്രിൻസിപ്പൽമാരും അഡ്മിഷൻ ലഭിച്ച വിദ്യാർഥികളുടെ വിവരം 31 വൈകുന്നേരം അഞ്ചിനു മുന്പായി ഓണ്ലൈൻ അഡ്മിഷൻ മാനേജ്മെന്റ് സിസ്റ്റം മുഖേന സമർപ്പിക്കണം.
എൻജിനിയറിംഗ്/ആർകിടെക്ചർ/ഫാർമസി കോഴ്സ്: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
12:02 AM Oct 24, 2020 | Deepika.com