പത്തനംതിട്ട: റാന്നി പെരുനാട്ടിൽ ഒഴുക്കിൽപ്പെട്ടയാൾക്കുവേണ്ടി തെരച്ചിൽ നടത്തുന്നതിനിടെ ഡിങ്കി ബോട്ട് മറിഞ്ഞ് അഗ്നി ശമനസേനാംഗം മുങ്ങി മരിച്ചു.
പത്തനംതിട്ട ബ്രിഗേഡിലെ ഫയർമാൻ തിരുവനന്തപുരം ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനിൽ ആർ.ആർ. ശരത് ആണ് (30) മരിച്ചത്. ഇന്നലെ രാവിലെ പമ്പാനദിയിലെ മാടമൺ പമ്പ് ഹൗസിനു സമീപം ഒഴുക്കിൽപ്പെട്ട മാടമൺ ചുരപ്ലാക്കൽ വീട്ടിൽ ശിവനെ (55) രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം.
ശിവനെ വൈകുന്നേരംവരെ കണ്ടെത്താനായില്ല. ഡിങ്കി ബോട്ടിൽ തെരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ വൈകുന്നേരം നാലോടെ ശരത് അപകടത്തിൽപ്പെടുകയായിരുന്നു. സഹപ്രവർത്തകർ മുങ്ങിയെടുത്ത് റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു രാവിലെ പത്തനംതിട്ട ഫയർഫോഴ്സ് യൂണിറ്റിൽ പൊതുദർശനത്തിനു വച്ച ശേഷം ബന്ധുക്കൾക്കു കൈമാറും.
2015ൽ ഫയർഫോഴ്സിൽ നിയമനം ലഭിച്ചത് മുതൽ ശരത് പത്തനംതിട്ട യൂണിറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. സ്കൂബാ ടീമിൽ അംഗമായ ശരത് വെള്ളത്തിൽ വീണ നിരവധി ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
അഖിലയാണ് ഭാര്യ. മൂന്ന് വയസുള്ള മകനുണ്ട്.
ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിൽ അഗ്നിശമനസേനാംഗം മുങ്ങി മരിച്ചു
12:54 AM Oct 23, 2020 | Deepika.com