കൊച്ചി: കുടുംബജീവിതത്തെക്കുറിച്ചും സ്വവര്‍ഗ ലൈംഗികതയെക്കുറിച്ചും കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നു കെസിബിസി വ്യക്തമാക്കി. എവ്ജനി അഫിനിവ്സ്കി എന്ന സംവിധായകന് ‘ഫ്രാന്‍ചെസ്കോ’എന്ന പേരില്‍ പുറത്തിറക്കുന്ന ഡോക്യുമെന്ററിയില്‍ സ്വവര്‍ഗ വിവാഹത്തിന്റെ സാധുതയെ ഫ്രാന്‍സിസ് മാര്‍പാപ്പ ന്യായീകരിച്ചു എന്ന വാര്‍ത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്.
വിവാഹം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള വിശ്വാസപരമായ പ്രബോധനങ്ങള്‍ ഡോക്യുമെന്ററികളിലൂടെയല്ല സഭ നടത്താറുള്ളത്. ‘എല്‍ജിബിടി’അവസ്ഥകളിലുള്ളവര്‍ ദൈവമക്കളാണെന്നും മാനുഷികമായ എല്ലാ കരുതലും പരിഗണനയും സ്നേഹവും അവര്‍ അര്‍ഹിക്കുന്നുണ്ടെന്നും ഫ്രാന്‍സിസ് പാപ്പാ മുമ്പും പഠിപ്പിച്ചിട്ടുള്ളതാണ്. ലൈംഗിക ധാര്‍മികതയെക്കുറിച്ച് വിശ്വാസ തിരുസംഘം 1975-ല്‍ പുറപ്പെടുവിച്ച പ്രബോധനരേഖയിലും സമാനമായ നിലപാടാണ് കത്തോലിക്കാ സഭ സ്വീകരിച്ചിട്ടുള്ളത്. സ്വവര്‍ഗ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വവര്‍ഗ ലൈംഗിക പ്രവൃത്തികളെയും വേര്‍തിരിച്ചു മനസിലാക്കണമെന്നതാണ് സഭയുടെ നിലപാട്.
സ്വവര്‍ഗ ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കു കുടുംബത്തിനു തുല്യമായ നിയമപരിരക്ഷ നല്‍കണമെന്നു മാര്‍പാപ്പ പറഞ്ഞതായി ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തെറ്റാണ്. സ്വവര്‍ഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി കത്തോലിക്കാ സഭ കരുതുന്നില്ല, എന്നാല്‍ ഇതിനെ സിവില്‍ ബന്ധമായി വിവിധ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇപ്രകാരം സിവില്‍ ബന്ധങ്ങളില്‍ ജീവിക്കുന്നവരുടെ അജപാലന ശുശ്രൂഷ സഭ ഗൗരവമായി ചിന്തിക്കുന്ന വിഷയമാണ്. കുടുംബത്തെക്കുറിച്ചുള്ള സിനഡിനു ശേഷം പുറപ്പെടുവിച്ച ‘സ്നേഹത്തിന്റെ സന്തോഷം’എന്ന പ്രബോധനരേഖയില്‍ പ്രതിപാദിക്കുന്ന അജപാലന ആഭിമുഖ്യമാണ് ഈ വിഷയത്തില്‍ മാര്‍ പാപ്പയുടെ ഔദ്യോഗിക നിലപാട്.
ഈ നിലപാടില്‍ മാര്‍പാപ്പ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നു കെസിബിസി മീഡിയ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി വ്യക്തമാക്കി. ലൈംഗിക ധാര്‍മികതയെക്കുറിച്ച് നാളിതുവരെ സഭ നല്‍കിയിട്ടുള്ള പ്രബോധനത്തെ നിരാകരിക്കുന്ന യാതൊരു നിലപാടും ഫ്രാന്‍സിസ് പാപ്പാ സ്വീകരിച്ചിട്ടില്ലെന്നും വ്യാജവാര്‍ത്തകളില്‍ വിശ്വാസികളും പൊതുസമൂഹവും തെറ്റിദ്ധരിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
സ്വവര്‍ഗ ലൈംഗികത: സഭാ പ്രബോധനത്തില്‍ മാറ്റമില്ലെന്നു കെസിബിസി
12:35 AM Oct 23, 2020 | Deepika.com