തിരുവനന്തപുരം: സർക്കാർ നിയമനങ്ങളിൽ സാന്പത്തിക സംവരണം നടപ്പാക്കുന്നതിനുള്ള ചട്ട ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. ഒരുവിധ സംവരണത്തിനും അർഹതയില്ലാത്ത മുന്നാക്ക സമുദായങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തുശതമാനം ഒഴിവുകൾ നീക്കിവയ്ക്കുന്നതിനായാണ് ചട്ടഭേദഗതി.
പൊതുവിഭാഗത്തിനായി (ഓപ്പണ് കോന്പറ്റീഷൻ- ഒസി) മാറ്റിവച്ചിട്ടുള്ള 50 ശതമാനത്തിൽ നിന്നാണ് സാന്പത്തിക സംവരണത്തിനുള്ള പത്തുശതമാനം കണ്ടെത്തുന്നത്. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസിലെ സംവരണത്തിലാണു ഭേദഗതി വരുത്തിയത്.
ഇതോടെ പൊതുവിഭാഗം ഒഴിവുകൾ 40 ശതമാനമായി കുറയും. മറ്റു സംവരണങ്ങളൊന്നുമില്ലാത്ത മുന്നാക്കവിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ചട്ടഭേദഗതി വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ പിഎസ്സിയുടെ നടപടിക്രമത്തിൽ മാറ്റം വരുത്താനാകും. ഈ വർഷം തന്നെ സാന്പത്തിക സംവരണം നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചട്ടഭേദഗതിക്കു നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി ആവശ്യമാണെങ്കിലും അതിന് കാലതാമസം നേരിടുമെന്നതിനാൽ ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുകയായിരുന്നു.
103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടർന്ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തിൽ പൊതുവിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏർപ്പെടുത്താൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങളിൽ ശിപാർശ സമർപ്പിക്കുന്നതിനും റിട്ട. ജഡ്ജി കെ. ശശിധരൻ നായർ ചെയർമാനും അഡ്വ. കെ. രാജഗോപാലൻ നായർ മെന്പറുമായി കമ്മീഷനെ സർക്കാർ നിയോഗിച്ചിരുന്നു. ഈ കമ്മീഷന്റെ ശിപാർശകൾ പരിഗണിച്ചാണ് മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. കുടുംബവരുമാനവും സാന്പത്തികമായ പിന്നാക്കാവസ്ഥയും കണക്കിലെടുത്താണ് സംവരണത്തിനർഹമായവരെ തീരുമാനിക്കുന്നത്.
നിലവിൽ പട്ടികജാതി വർഗ ക്കാർക്കും പിന്നാക്ക സമുദായങ്ങൾക്കുമായി 50 ശതമാനം സംവരണമാണ് നൽകുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തിൽ നിന്നാണ് സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സാന്പത്തിക സംവരണം ഏർപ്പെടുത്തുന്നത്.
സർക്കാർ നിയമനങ്ങളിലും മുന്നാക്കക്കാരുടെ സാന്പത്തിക സംവരണത്തിന് അനുമതി
01:05 AM Oct 22, 2020 | Deepika.com