കൊച്ചി: ശബരിമലയില്‍ മണ്ഡല മകരവിളക്ക് സീസണിലെത്തുന്ന ഭക്തര്‍ക്കു കോവിഡ് സാഹചര്യത്തിൽ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി തിരുത്തല്‍ വരുത്തി. ഭക്തര്‍ക്കു നിലയ്ക്കലില്‍ വിരിവയ്ക്കാന്‍ അനുമതി നല്‍കണം. 15 സീറ്റുകള്‍ വരെയുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് തീര്‍ഥാടകരുമായി പോകാൻ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 28നു യോഗം ചേര്‍ന്നു ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ കമ്മിറ്റിയും നിയന്ത്രണങ്ങള്‍ നിർദേശിച്ചു. ഈ നിര്‍ദേശങ്ങളാണ് ഹൈക്കോടതി പുനഃപരിശോധിച്ചത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സുരക്ഷിതമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ സര്‍ക്കാരിനു നടപടികള്‍ സ്വീകരിക്കാം. ഇതു ഭക്തര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കരുതെന്നു ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹൈക്കോടതി നിര്‍ദേശങ്ങള്‍
നിലയ്ക്കലില്‍ വിരിവയ്ക്കാന്‍ അനുവദിക്കണം. നിലയ്ക്കല്‍ ബേസ് ക്യാമ്പാണ്. ദൂരെനിന്നു രാത്രിയിലെത്തുന്ന ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പോകാനും ദര്‍ശനം കഴിഞ്ഞ് രാത്രിയില്‍ മലയിറങ്ങുന്നവര്‍ക്ക് തങ്ങാനും നിലയ്ക്കലില്‍ സൗകര്യം വേണം.
പ്രതിദിനം 1,000 ഭക്തര്‍ക്കും അവധി ദിനങ്ങളില്‍ 2,000 പേര്‍ക്കും മണ്ഡല പൂജ, മകരവിളക്ക് സമയങ്ങളില്‍ 5,000 പേര്‍ക്കുമായി ദര്‍ശനം പരിമിതപ്പെടുത്തുന്പോൾ ദര്‍ശനസമയം ഉള്‍പ്പെടെയുള്ളവ പരിഗണിക്കണം. ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം കൂടി പരിഗണിച്ച് എണ്ണം നിശ്ചയിക്കണം.
ദൂരസ്ഥലങ്ങളില്‍നിന്നു ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് മതിയായ ഭക്ഷണം നല്‍കണം. അന്നദാനത്തിനുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കണം. ശബരിമലയിലേക്കുള്ള പ്രവേശനം പോലീസിന്റെ വെര്‍ച്വല്‍ ക്യൂ മുഖേനയാക്കുമ്പോള് ഡ്യൂട്ടിക്ക് എത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരടക്കമുള്ളവര്‍ക്ക് ഇതു ബാധകമാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും.
ദേവസ്വം ബോര്‍ഡിന്റെ നിലപാട് തേടാത്തതില്‍ അതൃപ്തി
കൊച്ചി: കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ശബരിമല തീര്‍ഥാടനത്തിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടു തേടാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ രൂപം നല്കിയ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയില്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ ഇല്ലെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.
നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാല്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയെന്നോ ബോര്‍ഡിന്റെ നിലപാടിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നോ കരുതേണ്ടി വരുമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ശബരിമല: നിയന്ത്രണങ്ങളില്‍ ഇളവ്
12:56 AM Oct 22, 2020 | Deepika.com