കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍നിന്നു രക്ഷപ്പെടാനായി എം. ശിവശങ്കര്‍ അസുഖം നടിക്കുകയാണെന്നും അദ്ദേഹത്തിനു വേദനസംഹാരി മാത്രമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ അറസ്റ്റ് ചെയ്യുന്നതൊഴിവാക്കാന്‍ ശിവശങ്കര്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അസി. സോളിസിറ്റര്‍ ജനറല്‍ വിശദീകരണപത്രിക നല്‍കിയത്.
കസ്റ്റംസ് ആക്ടിലെ 108 സെക്ഷന്‍ പ്രകാരം നോട്ടീസ് നല്കിക്കഴിഞ്ഞാല് മുന്‍കൂര്‍ ജാമ്യഹര്‍ജി നിലനില്‍ക്കില്ലെന്നു കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യം ലഭിക്കണമെങ്കില്‍ തനിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തെന്നോ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നോ കോടതിയെ ബോധ്യപ്പെടുത്തണം. ഇക്കാര്യങ്ങള്‍ ഹര്‍ജിയില്‍ പറയുന്നില്ല. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണം.
സാമ്പത്തിക കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തുമെന്നതിനാല്‍ ഒക്ടോബര്‍ 14നുതന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള വക്കാലത്ത് ശിവശങ്കര്‍ ഒപ്പിട്ടുനല്‍കിയിരുന്നു. എവിടെവച്ചാണു വക്കാലത്ത് ഒപ്പിട്ടതെന്നു വ്യക്തമാക്കിയിട്ടില്ല. ഇതിനുശേഷമാണു വെള്ളിയാഴ്ച വൈകുന്നേരം കസ്റ്റംസ് വിളിപ്പിച്ചപ്പോള്‍ രോഗം നടിച്ച് ആശുപത്രിയില്‍ പ്രവേശിച്ചത്. എന്തുചെയ്യണമെന്നു മുന്‍കൂട്ടി ആസൂത്രണം ചെയ്തു ശിവശങ്കര്‍ നടപ്പാക്കി. ഇതിനുശേഷം കസ്റ്റംസിനെ പഴി പറയുകയാണ്.
ചോദ്യംചെയ്യലില്‍നിന്നു രക്ഷപ്പെടാന്‍ രോഗിയായി നടിക്കാനും ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയ്ക്കെന്ന പേരില്‍ പ്രവേശിക്കാനും മുന്‍കൂട്ടി തീരുമാനിച്ചിരുന്നു.
ശിവശങ്കര്‍ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ അട്ടിമറിക്കാന്‍ രോഗിയായി നടിക്കുകയാണെന്നും വിശദീകരണ പത്രികയില്‍ പറയുന്നു.
ശിവശങ്കര്‍ അസുഖം നടിക്കുന്നു: കസ്റ്റംസ്
01:34 AM Oct 21, 2020 | Deepika.com