തിരുവനന്തപുരം: വിരമിച്ച കോളജ് അധ്യാപകർക്കു യുജിസി നിരക്കിൽ പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നിർദേശം ഇന്നു ചേരുന്ന മന്ത്രിസഭയിൽ കൊണ്ടു വന്നേക്കും. മുൻകാല പ്രാബല്യത്തോടെയാണ് ആനുകൂല്യങ്ങൾ നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ ശിപാർശ, ധനവകുപ്പിനു സമർപ്പിച്ചു. ധനവകുപ്പിന്റെ അനുമതിയോടെ ഇതു മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തും. ഇന്നത്തെ മന്ത്രിസഭയിൽ ഇക്കാര്യം പരിഗണിച്ചില്ലെങ്കിൽ അടുത്ത ആഴ്ചയിൽ ചർച്ചയ്ക്കെത്തും.
യുജിസി നിരക്കിൽ കോളജ് അധ്യാപകർക്കു ശന്പള പരിഷ്കരണം സംസ്ഥാനത്തു നടപ്പാക്കിയെങ്കിലും പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഫയലിൽ ഉറങ്ങുകയായിരുന്നു. തീരുമാനം നടപ്പാക്കുന്നതോടെ പതിനായിരത്തോളം പെൻഷൻകാർക്കു പ്രയോജനം ലഭിക്കും. ശരാശരി 7,000 മുതൽ 10,000 രൂപയുടെ വരെ പെൻഷൻ വർധനയുണ്ടാകും.
കോളജ് അധ്യാപകർക്ക് 2016 ജനുവരി ഒന്നു മുതലാണ് യുജിസി ശന്പള പരിഷ്കരണം നടപ്പാക്കിയത്. ഇതു മൂലം 2015 ഡിസംബർ 31 വരെ വിരമിച്ച കോളജ് അധ്യാപകർക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചില്ല. ഇവർക്കു പുതുക്കിയ നിരക്കിൽ പെൻഷനും 2016 ജനുവരി ഒന്നു മുതലുള്ള കുടിശിക തുകയും നൽകേണ്ടി വരും.
വിരമിച്ച കോളജ് അധ്യാപകർക്ക് യുജിസി നിരക്കിൽ പെൻഷൻ പരിഷ്കരണം
10:50 PM Oct 20, 2020 | Deepika.com