തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭാ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കാലംചെയ്തു. ഇന്നലെ പുലർച്ചെ 2.40ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചികിത്സയിലായിരുന്നു.
കബറടക്കം ഇന്നു മൂന്നിന് സഭാ ആസ്ഥാനമായ തിരുവല്ല എസ്സിഎസ് കാന്പസിലെ സെന്റ് തോമസ് ദേവാലയത്തോടു ചേർന്നുള്ള കബറിൽ നടക്കും. മാർത്തോമ്മാ സഭാ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് ശുശ്രൂഷകൾക്കു നേതൃത്വം നൽകും.
ഭൗതികശരീരം ഇന്നലെ രാവിലെ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ആസ്ഥാനമായ പുലാത്തീനിലെ ചാപ്പലിലെത്തിച്ച് പ്രാർഥന നടത്തി. തുടർന്ന് ഡോ.അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു. മാർത്തോമ്മാ സഭയിലെ എപ്പിസ്കോപ്പമാരോടൊപ്പം സഹോദര സഭകളിലെ ബിഷപ്പുമാരും പ്രാർഥനകൾ നയിച്ചു.
ഇന്നുച്ചകഴിഞ്ഞു രണ്ടുവരെ പൊതുദർശനം ഉണ്ടാകും. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ കബറടക്കത്തിന്റെ അവസാനഘട്ട ശുശ്രൂഷയ്ക്കു പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
മാരാമണ്‍ പാലക്കുന്നത്ത് കുടുംബാംഗമായ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, മാർത്തോമ്മാ സഭയുടെ വിവിധ ഭദ്രാസനങ്ങളുടെ അധിപനായി പ്രവർത്തിച്ചു. സഭാ നേതൃത്വത്തോടൊപ്പം എക്യുമെനിക്കൽ മേഖലയും അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലമായിരുന്നു. അഖിലലോകസഭാ കൗണ്‍സിൽ, നാഷണൽ കൗണ്‍സിൽ ഓഫ് ചർച്ചസ്, കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് എന്നിവയിലെല്ലാം നേതൃത്വ പങ്കാളിത്തമുണ്ടായി. യുഎൻ സെക്രട്ടറി ജനറൽ വിളിച്ചുചേർത്ത ലോക മതനേതാക്കളുടെ സമ്മേളനത്തിൽ പങ്കെടുത്തു. സാമൂഹികമേഖലകളിൽ നേതൃപരമായ പങ്കാണ് ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത വഹിച്ചത്.
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പോലീത്ത സ്ഥാനത്തുനിന്ന് സ്വയംവിരമിച്ചതോടെ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത 2007 ഒക്ടോബർ രണ്ടിന് 21 -ാ മത്തെ മാർത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനമേൽക്കുകയായിരുന്നു.
മെത്രാപ്പോലീത്തയുടെ90 -ാം ജന്മദിനത്തോടനുബന്ധിച്ച നവതി ആഘോഷ പരിപാടികൾ ജൂൺ 27നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെർച്വൽ യോഗത്തിലുടെ ഉദ്ഘാടനം ചെയ്തത്.
മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അനുശോചിച്ചു.
ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത വിട വാങ്ങി
01:36 AM Oct 19, 2020 | Deepika.com