തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്നും നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നടുവേദനയും ആണുള്ളതെന്നും ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട്. മെഡിക്കൽ റിപ്പോർട്ട് വന്ന് രണ്ടു മണിക്കൂറിനുള്ളിൽ ശിവശങ്കറിനെ വിദഗ്ധ ചികിത്സയ്ക്കും കൂടുതൽ പരിശോധനകൾക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഡോളർ വിദേശത്തേക്കു കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാനായി പൂജപ്പുരയിലെ വസതിയിൽ നിന്നു കസ്റ്റംസ് വാഹനത്തിൽ കൊണ്ടുപോയ ശിവശങ്കറിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കൂടി ആവശ്യപ്രകാരമാണു കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞതിനെത്തുടർന്ന് ശിവശങ്കറിന് ഇന്നലെ രാവിലെ ആൻജിയോഗ്രാം ചെയ്തു . ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഇതിൽ കണ്ടെത്തി.
കടുത്ത നടുവേദനയുണ്ടെന്നു പറഞ്ഞതിനെത്തുടർന്നുള്ള പരിശോധനയിൽ നട്ടെല്ലിനു തകരാറുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും വ്യക്തമാക്കിയുള്ള മെഡിക്കൽ ബുള്ളറ്റിൻ സ്വകാര്യ ആശുപത്രി അധികൃതർ ഉച്ചയ്ക്കു 12ന് പുറത്തിറക്കി. ഇതോടെ ആശുപത്രി മാറ്റാനുള്ള നീക്കങ്ങൾ കസ്റ്റംസ് അധികൃതർ തുടങ്ങി.
പുറംവേദനയുമായി ബന്ധപ്പെട്ടു വിദഗ്ധ പരിശോധന നടത്തി, ആ പ്രശ്നം എത്രത്തോളമുണ്ടെന്നു കണ്ടെത്തുകയായിരുന്നു കസ്റ്റംസിന്റെ ലക്ഷ്യം. ഇതിനായി രണ്ടു മണിയോടെ സ്വകാര്യ ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച ചാനൽ കാമറമാൻമാർക്കു നേരെ ആശുപത്രിയിൽ നിന്നെത്തിയ ആളിന്റെ നേതൃത്വത്തിൽ പോലീസ് നോക്കി നിൽക്കേ ആക്രമണമുണ്ടായി.
ന്യൂറോ പരിശോധനയിലും ശിവശങ്കറിന് പ്രശ്നമില്ല
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിൽ നടത്തിയ പരിശോധനയിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. തുടർന്ന് അസ്ഥിരോഗ വിഭാഗത്തിലെ പ്രാഥമിക പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി.
വിദഗ്ധ പരിശോധനകൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡും രൂപീകരിച്ചു. ന്യൂറോളജി, ന്യൂറോ സർജറി, ഹൃദ്രോഗ വിഭാഗം എന്നിവയിലെ ഡോക്ടർമാരടങ്ങുന്നതാണ് ബോർഡ്. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
ശിവശങ്കറിനു ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ല
01:11 AM Oct 18, 2020 | Deepika.com