തിരുവനന്തപുരം: വിദേശസഹായം കൈപ്പറ്റാത്ത സാഹചര്യത്തിൽ ലൈഫ് മിഷനെതിരേ അന്വേഷണം നടത്താൻ സിബിഐക്ക് അധികാരമില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച സർക്കാർ നടപടിയിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
വിദേശസഹായ നിയന്ത്രണ നിയമലംഘനം ലൈഫ് മിഷൻ നടത്താത്ത സാഹചര്യത്തിൽ സിബിഐ കേസ് നിലനിൽക്കില്ലെന്നാണു നിയമോപദേശം. വിദേശസഹായമായി ഒരു തുകയും ലൈഫ് മിഷൻ സ്വീകരിക്കാത്ത സാഹചര്യത്തിൽ ലൈഫ് മിഷനിലെ അറിയപ്പെടാത്ത ഉദ്യോഗസ്ഥരെ എതിർ പട്ടികയിൽ ഉൾപ്പെടുത്തിയതു നിയമപരമല്ലെന്നു നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണു കോടതിയെ സമീപിക്കാൻ ലൈഫ് മിഷൻ സിഇഒക്ക് അനുമതി നൽകിയത്.
കോടതി ഇന്നലെ വാക്കാലുള്ള പരാമർശമാണു നടത്തിയത്. ഇതിനെ തിരിച്ചടിയെന്നു മാത്രം വ്യാഖ്യാനിക്കാൻ എന്താണ് സംഭവിച്ചതെന്നു വ്യക്തമാക്കണം. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ലൈഫ് മിഷൻ പദ്ധതിയിൽ വീടില്ലാത്തവർക്കു ഭവന നിർമാണത്തിനായി വടക്കാഞ്ചേരിയിൽ 140 ഫ്ളാറ്റുകൾ നിർമിക്കാൻ യുഎഇ റെഡ്ക്രസന്റും യൂണിടാകും തമ്മിലാണു കരാർ-മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് മിഷൻ വിദേശ സംഭാവന സ്വീകരിച്ചില്ല; സിബിഐ കേസ് നിലനിൽക്കില്ലെന്നു മുഖ്യമന്ത്രി
01:00 AM Oct 02, 2020 | Deepika.com