കൊടുങ്ങല്ലൂർ: പത്തൊൻപതു തരം വിത്തുകൾ ഉപയോഗിച്ച് മഹാത്മാഗാന്ധിയുടെ ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്. ആറടി വലിപ്പമുള്ള വട്ടമേശയ്ക്കു മുകളിൽ മൂന്നുമണിക്കൂർകൊണ്ടാണു ചിത്രം നിർമിച്ചത്.
കൊടുങ്ങല്ലൂർ എറിയാട് കെവിഎച്ച്എസ്എസിലെ പൂർവവിദ്യാർഥികളുടെ വാട്സാപ് കൂട്ടായ്മയായ "കൂട്ട്’ഗാന്ധിജയന്തി ദിവസം കർഷക സുഹൃത്തുക്കൾക്കു വിതരണം ചെയ്യാനായി മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്നും കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽനിന്നും വാങ്ങിയ വിത്തുകൾ കൊണ്ടാണു സുരേഷ് ഈ ചിത്രം പൂർത്തിയാക്കിയത്.
വിവിധ മാധ്യമങ്ങൾ ഉപയോഗിച്ചു നൂറു ചിത്രങ്ങൾ തയാറാക്കാനുള്ള യാത്രയിലെ അറുപത്താറാമത്തെ ചിത്രമാണു വിത്തുകൾകൊണ്ട് ഒരുക്കിയത്. മുളക്, പയർ, ചോളം, മത്തങ്ങ, പടവലങ്ങ, ഉഴുന്ന്, വെള്ളരി, വാളരിപ്പയർ, ചെറുപയർ, മല്ലി, കടുക്, ഉലുവ, വഴുതനങ്ങ, ചീര, ജാക്ബീൻ, കുന്പളം, വെണ്ടയ്ക്ക, പാവയ്ക്ക, ചുരയ്ക്ക എന്നിവയാണ് ചിത്രമൊരുക്കാനായി ഉപയോഗിച്ചത്.
വിത്തുകൾകൊണ്ട് ഗാന്ധിജിയെ ഒരുക്കി ഡാവിഞ്ചി
12:28 AM Oct 02, 2020 | Deepika.com