കൊച്ചി: വസ്ത്രങ്ങള്‍ക്കൊപ്പം കൊറിയറായി വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിനെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ പുതുവിളാകത്ത് അജീഷ് ശശിധരന് (25) ആണ് അറസ്റ്റിലായത്. എറണാകുളം എ.എല്‍. ജേക്കബ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കൊറിയര്‍ സര്‍വീസ് സ്ഥാപനം വഴിയാണ് ഇയാൾ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കുള്ളിൽ ഒളിപ്പിച്ച നിലയില്‍ മൂന്നര കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. ദുബായിലെ വിലാസത്തിലേക്കുള്ള ട്രാക്ക് സ്യൂട്ട്, ടീ ഷര്‍ട്ട് അടക്കമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്ന നിലയിലാണ് കഞ്ചാവ് അടങ്ങിയ പാഴ്സല്‍ പ്രതി കൊറിയര്‍ സ്ഥാപനത്തില്‍ എത്തിച്ചത്.
കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി ഓരോ തുണിത്തരങ്ങളോടൊപ്പം സ്കാനിംഗില്‍ കണ്ടെത്താന്‍ കഴിയാത്ത വിധത്തിലാണ് ഒളിപ്പിച്ചിരുന്നത്.
കൊറിയറായി ദുബായിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം: യുവാവ് പിടിയില്‍
12:28 AM Oct 02, 2020 | Deepika.com