തളിപ്പറന്പ്/ ശ്രീകണ്ഠപുരം/ചാലോട്: കോവിഡ് ബാധിച്ച് കണ്ണൂർ ജില്ലയിൽ മൂന്നുപേർ കൂടി മരിച്ചു. കരിന്പം ഒറ്റപ്പാല നഗറിലെ കപ്പണയിൽ ഭരതൻ (75), ചാലോട് പേരളാഞ്ഞി ഹൗസിൽ കട്ടേരി ഭാസ്കരൻ (75), ഇരിക്കൂർ സിഎച്ച്സിക്ക് സമീപം റോസ് മഹലിൽ അബ്ദുൾ റഹ്മാൻ മുസ്ലിയാർ (80) എന്നിവരാണു മരിച്ചത്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഭരതൻ ഇന്നലെ പുലർച്ചെയാണു മരിച്ചത്.
ഭാര്യ: പരേതയായ സുലോചന. മക്കൾ: സുമിത, സുജിത്ത്, സജിത്ത്, ബാബു. മരുമക്കൾ: പ്രഭാകരൻ, സൗമ്യ, സിനൂജ, ഗിൽന. സഹോദരങ്ങൾ: ലീല, രവീന്ദ്രൻ, ശശീന്ദ്രൻ, ശൈലജ, പരേതരായ ദാസൻ, കുഞ്ഞിക്കൃഷ്ണൻ, മോഹനൻ, ഇന്ദിര.
ഭാസ്കരനെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചാലോട് പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ: തിരുമംഗലത്ത് സുലോചന. മക്കൾ: സജിത, സജിത്ത് (ഗൾഫ് ). മരുമക്കൾ: ആനന്ദൻ, സിൽജ.
വീടിനുള്ളിൽ വീണു പരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയോളമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അബ്ദുൾ റഹ്മാൻ മുസ്ലിയാർ. ഇവിടെ നടത്തിയ പരിശോധനയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ ആയിരുന്നു മരണം. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇരിക്കൂർപാലം സൈറ്റ് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ദീർഘകാലം കണ്ണൂർ തെക്കീബസാർ ജുമാ മസ്ജിദിലെയും ഇരിക്കൂർ ടൗൺ മുഹിയുദ്ദീൻ ജുമാ മസ്ജിദിലെയും ഖത്തീബായിരുന്നു. ഭാര്യ: കെ.ആർ. റസിയ. മക്കൾ: അബ്ദുൾ ലത്തീഫ് (മാനേജിംഗ് ഡയറക്ടർ, എടുസെഡ് വസ്ത്രാലയം ഇരിക്കൂർ), നസീബ, ഉമൈബ. മരുമക്കൾ: ഫൗസിയ (അഞ്ചരക്കണ്ടി), നാസർ (ദുബായ്), അബ്ദുൾ റസാഖ് (ടെക്സ്റ്റൈൽസ്, ഇരിക്കൂർ ടൗൺ).
കോവിഡ്: കണ്ണൂർ ജില്ലയിൽ മൂന്നു മരണം
11:07 PM Oct 01, 2020 | Deepika.com