ചങ്ങനാശേരി : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു.മാമ്മൂട് ചെത്തിപ്പുഴ സൂപ്പർമാർക്കറ്റ് ഉടമ ചെത്തിപ്പുഴ സാബു ജേക്കബ് (53)ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചകഴിഞ്ഞാണ് മരണം സംഭവിച്ചത്. കോവിഡ് ബാധിച്ച ഇദ്ദേഹത്തെ സെപ്റ്റംബർ 10ന് തെങ്ങണ സിഎഫ്എൽടിസിയിൽ പ്രവേശിപ്പിച്ചു. ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം ഇന്നു 2.30നു മാമ്മൂട് ലൂർദ്മാതാ പള്ളിയിൽ.ഭാര്യ: വിനീത നടയ്ക്കപ്പാടം ചിറ്റേട്ടുകളം കുടുംബാംഗം.മക്കൾ: ചാക്കോച്ചൻ, അഞ്ജലി (വിദ്യാർഥിനി), റ്റാറ്റാമോൾ (9-ാം ക്ലാസ് വിദ്യാർഥിനി, ഷാന്താൾ ജിഎച്ച്എസ് മാമ്മൂട്).
ചങ്ങനാശേരി: ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കേ മരിച്ച ഗൃഹനാഥന് കോവിഡ് സ്ഥിരീകരിച്ചു. മാമ്മൂട് ഇലവുംമൂട്ടിൽ ജോസഫ് (ടോമിച്ചൻ - 62) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയാണ് മരിച്ചത്. ഹൃദ്രോഗ ചികിത്സയ്ക്കെത്തുന്നവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചല്ല ആരോഗ്യ പ്രവർത്തകർ പരിചരിക്കുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭാര്യ: സാലിമ്മ തൃക്കൊടിത്താനം കേച്ചേരി കുടുംബാംഗം. മക്കൾ: റ്റിന്റോ, റ്റിൽമി. മരുമക്കൾ: ലിന്റ, സാജൻ കരിംകുറ്റിയിൽ. സംസ്കാരം നടത്തി.
കുമരകം: കോവിഡ് ബാധിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമരകം സ്വദേശിനിയായ വീട്ടമ്മ മരിച്ചു. കുമരകം പഞ്ചായത്തിൽ അഞ്ചാം വാർഡിൽ കൊല്ലകരി പാടത്തിന്റെ തെക്കേ ചിറയിൽ നാരകത്ര പാലത്തിനു സമീപം സജീവ് ഭവനത്തിൽ സജീവിന്റെ ഭാര്യ സുശീല (55) ആണ് മരിച്ചത്.
പ്രമേഹവും ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്ന സുശീലയെ കുമരകം കമ്യൂണിറ്റി ഹെൽത്തു സെന്ററിലും ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സിപ്പിച്ചതിനുശേഷം 17നാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ആശുപത്രിയിൽ നിന്നും 22ന് മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തെങ്കിലും കോട്ടയം ടൗണിലുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് എത്തിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. തുടർന്ന് 23ന് ജില്ലാ ആശുപത്രിയിലെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ എത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. പരേത ചെങ്ങളം വടക്ക് മാന്തറ കുടുംബാംഗം. മക്കൾ: അമിൽ, ആര്യ. സംസ്കാരം ഇന്ന് രാവിലെ എട്ടിന് മുട്ടന്പലം ശ്മശാനത്തിൽ .
കോട്ടയം ജില്ലയിൽ മൂന്നു കോവിഡ് മരണം
12:57 AM Oct 01, 2020 | Deepika.com