ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിൽ കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. കരിങ്ങാംതുരുത്തിൽ പൂതംപള്ളത്ത് വീട്ടിൽ പരേതനായ വിരുന്നൻ മകൻ ബിജു (42), ഒളനാട് കോരമംഗലത്ത് വീട്ടിൽ പേറു ജോർജ് (85) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും സംസ്കാരം നടത്തി.
ബിജു കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം കോവിഡ് പരിശോധിച്ചപ്പോഴാണ് പോസിറ്റീവായി കണ്ടത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്നലെ രാവിലെ മരണം സംഭവിച്ചു. ഭാര്യ: ചിറയം വടക്കേമാലിൽ കേശവന്റെ മകൾ അജിത. മകൻ: ആൽവിൻ.
റിട്ട. കാർഷിക സർവകലാശാല ജീവനക്കാരനായ പേറു ജോർജിനെ ഒരാഴ്ചമുന്പ് കടുത്ത പനിമൂലം കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലാക്കി. ചൊവ്വാഴ്ച രാത്രി 8.30 ഓടെ മരണം സംഭവിച്ചു. ഭാര്യ: പരേതയായ ബേബി. മക്കൾ: സുനിത, സീന, സിജു. മരുമക്കൾ: ഡോണസ് തോമസ്, ഡോ. സി.വി. ജോസ്, ജാസ്മിൻ സിറിയക്.
കോതമംഗലം: കരൾമാറ്റ ശാസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. പിണ്ടിമന കുറുമറ്റം കോട്ടേക്കാവിന് സമീപം പുല്ലാട്ട് ഗോവിന്ദൻ നായരുടെ മകൻ ലാൽസണ് പി. നായർ (49) ആണ് മരിച്ചത്. ഒരാഴ്ച മുന്പാണ് ലാൽസണെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു. രോഗം മൂർഛിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്നലെ വൈകിട്ടോടെ മരിച്ചു. സംസ്കാരം ഇന്ന് 11ന് മൂവാറ്റുപുഴ നഗരസഭാ ശ്മശാനത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തും.മാതാവ്: പൊന്നമ്മ. ഭാര്യ: സ്മിത. മക്കൾ: പാർവതി, ഭദ്ര.
വൈപ്പിൻ: സഹപ്രവർത്തകനു കോവിഡ് ബാധിച്ചതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വയോധികൻ കോവിഡ് പിടിപെട്ട് മരിച്ചു. നായരന്പലം വെളിയത്ത് പറന്പ് തായാട്ട് പറന്പിൽ നകുലൻ (64) ആണ് മരിച്ചത്. മത്സ്യബന്ധനവല നിർമാണ തൊഴിലാളിയായിരുന്ന ഇയാൾ വെള്ളിയാഴ്ച വൈപ്പിൻ ഹാർബറിൽ പണിക്ക് പോയിരുന്നു. ഇതിനുശേഷം കൂടെയുണ്ടായിരുന്ന സഹപ്രവർത്തകനു ശനിയാഴ്ച പനി പിടിക്കുകയും കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആവുകയും ചെയ്തു. തുടർന്നാണ് നകുലൻ ക്വാറന്റൈനിൽ ആയത്. തിങ്കളാഴ്ച നകുലനെ ടെസ്റ്റിനു വിധേയമാക്കി.
ചൊവ്വാഴ്ച ഫലം വന്നപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനിടെ ചൊവ്വാഴ്ച രാത്രിയോടെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ കളമശേരി മെഡി. കോളജാശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാരം ഇന്ന് നായരന്പലം പൊതുശ്മശാനത്തിൽ. ഭാര്യ : പരേതയായ ഗീത. മക്കൾ: നിബിൻ, നീതു.
എറണാകുളം ജില്ലയിൽ കോവിഡ് ബാധിച്ച് നാലുപേർ മരിച്ചു
12:57 AM Oct 01, 2020 | Deepika.com